‘വൈദ്യുതി ബിൽ’ കണ്ട് ഞെട്ടി! എന്നു പറഞ്ഞാല്‍ ഞങ്ങളും ഞെട്ടിയിട്ടുണ്ട് എന്ന് പറയാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ ഹിമാചല്‍ പ്രദേശിലെ ഒരു വ്യവസായി ഞെട്ടുക മാത്രമല്ല, അക്ഷരാര്‍ഥത്തില്‍ ബില്‍ കണ്ട് കണ്ണുതള്ളിപ്പോയി എന്ന് വേണം പറയാന്‍. പതിനായിരമോ ലക്ഷമോ ഒന്നുമല്ല ഇരുന്നൂറ് കോടിയിലധികമാണ് വ്യവസായിക്ക് ബില്‍ തുകയായി ലഭിച്ചത്.
ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവം. ബെഹർവിൻ ജട്ടൻ ഗ്രാമത്തിൽ നിന്നുള്ള വ്യവസായിയ ലളിത് ധിമാനിനാണ് കോടികളുടെ വൈദ്യുത ബില്‍ ലഭിച്ചത്. 2024 ഡിസംബറിലെ ഉപയോഗത്തിന് ലഭിച്ച ബില്‍ ഇരുന്നൂറ് കോടിയിലധികമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 210,42,08,405 രൂപ. അതേസമയം അതിനു തൊട്ടുമുന്‍പത്തെ മാസം വ്യവസായി വൈദ്യുത ബില്‍ ആയി അടച്ചത് 2,500 രൂപ മാത്രമാണെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
200 കോടിയുടെ ബില്‍ കണ്ട ഞെട്ടലില്‍ നിന്ന് മോചിതനായതിന് പിന്നാലെ ലളിത് ഹമീർപൂരിലെ വൈദ്യുതി ബോര്‍ഡിന്‍റെ ഓഫിലേക്ക് വച്ചുപിടിച്ചു. പരാതി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ‘സാങ്കേതിക തകരാർ’ കാരണമാണ് ബില്‍ തുക മാറിയതെന്ന് അറിയിച്ചു. ഒടുവിലാണ് വ്യവസായിയുടെ ശ്വാസം നേരെ വീണത്. അങ്ങിനെ പ്രശ്നം പരിഹരിച്ച് ലളിതിന് പുതിയ ബില്‍ നല്‍കി. ബില്‍ തുക 4,047 രൂപ.
അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ ഗുജറാത്തിലെ വൽസാദിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലളിതിന് കിട്ടിയ കോടികളുടെ കണക്കുവച്ച് നോക്കിയാല്‍ ഗുജറാത്തിലെ തയ്യല്‍ക്കാരന് ലഭിച്ചത് 86.41 ലക്ഷം രൂപയുടെ ബില്‍ ആണ്. പരിശോധനയിൽ മീറ്റർ റീഡിംഗിൽ രണ്ട് അക്കങ്ങൾ തെറ്റായി രേഖപ്പെടുത്തിയതാണ് ഉയര്‍ന്ന ബില്‍ തുകയ്ക്ക് കാരണമെന്ന് കണ്ടെത്തി. പ്രശ്നം പരിഹരിച്ച് പുതിയ ബില്‍ നല്‍കിയപ്പോള്‍ തുക 1,540 രൂപയായി കുറയുകയും ചെയ്തു.