AI Generated Image

TOPICS COVERED

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയില്‍ പെര്‍ഫ്യൂം ബോട്ടില്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരുകുടുംബത്തിലെ നാലു പേര്‍ക്ക് പരുക്കേറ്റു. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള നല്ല സോപാരയിലെ റോഷ്‌നി അപ്പാർട്ട്‌മെന്‍റില്‍ 112-ാം നമ്പർ ഫ്ലാറ്റിലായിരുന്നു അപകടം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം പെർഫ്യൂം കുപ്പികളുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞതായിരുന്നുവെന്നും ഇത് തിരുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം.  പെര്‍ഫ്യൂം കുപ്പികളില്‍ രേഖപ്പെടുത്തിയ എക്സ്പയറി ഡേറ്റ് തിരുത്താനോ നീക്കം ചെയ്യുന്നതിനോ വേണ്ടി പെട്ടെന്ന് തീപിടിക്കുന്നതോ കത്തുന്നതോ ആയ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാം ഇതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തില്‍  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പരുക്കേറ്റ മഹാവീർ വദർ (41), സുനിത വദർ (38), കുമാർ ഹർഷവർധൻ വദർ (9), കുമാരി ഹർഷദ വദർ (14) എന്നിവര്‍ നല്ല സോപാരയിലെ ലൈഫ് കെയർ ഹോസ്പിറ്റലിലും ഓസ്കാർ ഹോസ്പിറ്റലിലുമായി ചികിത്സയിലാണ്.

ENGLISH SUMMARY:

A perfume bottle explosion in Palghar, Maharashtra, injured four members of a family, including two children.