AI Generated Image

ഗുജറാത്തിലെ അഹമ്മദാബാദില്‍ മൂന്നാം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു. തല്‌തേജ് ഏരിയയിലെ സീബാർ സ്‌കൂൾ ഫോർ ചിൽഡ്രനിൽ രാവിലെയായിരുന്നു സംഭവം. ഗാർഗി രൺപാര എന്ന എട്ടുവയുകാരിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാവിലെ ക്ലാസ് മുറിയിലേക്ക് പോകുമ്പോൾ ലോബിയിലെ കസേരയിൽ ഇരുന്ന ഗാർഗി ബോധരഹിതയായി വീഴുകയായിരുന്നുവെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ശർമ്മിഷ്ഠ സിൻഹ പറയുന്നത്. കുട്ടി ക്ലാസ്മുറിയിലേക്ക് നടക്കുന്നതും അസ്വസ്ഥത അനുഭവപ്പെടുന്നതും ലോബിയിലെ കസേരയിൽ ഇരിക്കുന്നതും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ സ്കൂളിൽ എത്തിയപ്പോൾ ഗാർഗി അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് അധ്യാപകരും പറയുന്നു. ഒന്നാം നിലയിലായിരുന്നു ക്ലാസ്മുറി.

കുട്ടിബോധരഹിതയായ ഉടന്‍ തന്നെ സ്കൂള്‍ അധികൃതര്‍ ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ച് സ്വന്തം വാഹനത്തിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ കുട്ടിയെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചികില്‍സ ആരംഭിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന്‍റെ കൃത്യമായ കാരണം അറിയാൻ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

ജനുവരി ആദ്യവാരം  മൈസൂരുവിന് സമീപം ചാമരാജനഗര്‍ ജില്ലയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സെന്‍റ് ഫ്രാന്‍സിസ് സ്കൂളിലെ തേജസ്വിനിയാണ് ക്ലാസ് നടന്നുകൊണ്ടിരിക്കെ കുഴഞ്ഞുവീണത്. കുട്ടിയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ സ്കൂള്‍ പ്രാര്‍ഥനയ്ക്ക് ശേഷം ക്ലാസിലെത്തി ടീച്ചറെ പുസ്തകം കാണിക്കുന്നതിനിടെ കുഞ്ഞിന്‍റെ ബാലന്‍സ് നഷ്ടപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ENGLISH SUMMARY:

An 8-year-old girl, Gargi Ranpara, tragically passed away due to a heart attack at Zebar School for Children, Ahmedabad. Police have launched an investigation into the incident.