മലമ്പ്രദേശത്ത് കൂടെ നടക്കുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. ഭക്ഷണവും വെള്ളവും തേടി നാട്ടിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തിലെ പിടിയാനയാണ് മേട്ടുപ്പാളയത്തിന് സമീപം വീണ് ചരിഞ്ഞത്.
ആന വീണുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിവും ആനയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊക്കയിലേക്ക് വീണതിന് പിന്നാലെ ആന എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും വീണ്ടും വീഴുകയായിരുന്നു. 15 വയസ് പ്രായമുണ്ട് ചരിഞ്ഞ കാട്ടാനയ്ക്കെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍. വിദഗ്ധരായ മൃഗഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി മുതുമല കടുവാ സങ്കേതത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
വീഴ്ചയില്‍ പാറയിലിടിച്ച് സാരമായ ക്ഷതമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാറക്കെട്ട് നിറഞ്ഞ പ്രദേശമായതിനാല്‍ ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. വെള്ളവും മറ്റ് പ്രാഥമിക ശുശ്രൂഷകളും നല്‍കിയെങ്കിലും മസ്തകത്തിന് ഗുരുതര പരുക്കേറ്റത് മരണകാരണമായിട്ടുണ്ടാകാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.