റീല്‍സെടുക്കുന്നതിനായി ബൈക്കോടിക്കുന്നതിനിടെ പ്രണയസല്ലാപം നടത്തിയ യുവാവിനെ പൂട്ടാന്‍ പൊലീസ്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. കാമുകിയെ എടുത്ത് ബൈക്കിന്‍റെ പെട്രോള്‍ ടാങ്കിന് മുകളിലിരുത്തി ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പിടിവീണത്. യുവാവ് ബൈക്കോടിക്കുന്ന നേരമത്രയും കാമുകി പെട്രോള്‍ ടാങ്കിന്‍റെ മേല്‍ യുവാവിന് അഭിമുഖമായി ഇരിക്കുന്നതും ചുംബിക്കുന്നതും വിഡിയോയില്‍ കാണാം.
കാണ്‍പുരിലെ ഗംഗാ ബരാജ് എന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്ന് പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. റോഡ് നിയമങ്ങള്‍ തെറ്റിച്ച് വാഹനമോടിച്ചതിന് ആവാസ് വികാസിലെ താമസക്കാരനായ യുവാവിനെതിരെ മുന്‍പ് 10 തവണ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വന്‍തുക ഫൈന്‍ ഇനത്തില്‍ മാത്രം യുവാവ് ഒടുക്കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. നിയമലംഘനം ആവര്‍ത്തിക്കുന്നതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെ കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.
കഴിഞ്ഞ ജൂണില്‍ ടൈറ്റാനിക് പോസില്‍ ബൈക്കില്‍ യാത്ര ചെയ്ത കാമുകീ–കാമുകന്‍മാരെ പൊലീസ് പിടികൂടിയിരുന്നു. ഓടുന്ന ബൈക്കിലായിരുന്നു ഇവരുടെയും അഭ്യാസപ്രകടനം. യുവാവിന്‍റെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍ വാഹന വകുപ്പ് 5000 രൂപ പിഴയും ഈടാക്കി.