റീല്‍സ് എടുക്കുന്നതിനിടെ റിസോര്‍വയറില്‍ അഞ്ചു യുവാക്കള്‍ മുങ്ങി മരിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലാണ് സംഭവം. രാവിലെ ഒമ്പത് മണിയോടെയാണ് ഏഴംഗ യുവാക്കളുടെ സംഘം റിസര്‍വോയറിലെത്തിയത്. ഏതാനും മണിക്കൂറുകൾ കരയിൽ ചുറ്റി നടന്ന ശേഷം വെള്ളത്തിലിറങ്ങി വിഡിയോ ചിത്രീകരിക്കുകയായിരുന്നു. സംഘത്തിലുള്ളവര്‍ക്ക് നീന്തല്‍ അറിയില്ല എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍പ്പെട്ട ഏഴംഗ സംഘത്തിലെ അഞ്ച് പേരാണ് മുങ്ങിമരിച്ചത്. മുഷീറാബാദിൽ നിന്നുള്ള സഹോദരങ്ങളായ ധനുഷ് (20), ലോഹിത് (17), ബൻസിലാൽപേട്ടിലെ ദിനേശ്വർ (17), ഖൈരതാബാദിലെ ചന്തൽ ബസ്തിയിൽ നിന്നുള്ള ജതിൻ (17), സാഹിൽ (19) എന്നിവരാണ് മരിച്ചത്. സംഘത്തിലുള്ള കെ മൃഗാങ്ക് (17), മുഹമ്മദ് ഇബ്രാഹിം (19) എന്നിവര്‍ റിസര്‍വോയറിന്‍റെ ആഴം കൂടിയ ഭാഗത്തേക്ക് ഇറങ്ങാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. സുഹൃത്തുക്കള്‍ മുങ്ങിത്താഴുന്നത് കണ്ട് ഇരുവരും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമങ്ങള്‍ പാഴായി. മുഷീറാബാദിൽ ഫോട്ടോഗ്രാഫറാണ് മരിച്ച ധനുഷ്. ദിനേശ്വരും ജതിനും ഡിപ്ലോമ കോഴ്‌സ് വിദ്യാർത്ഥികളുമാണ്. അതേസമയം, ഏഴംഗസംഘം യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളും റിസര്‍വോയറില്‍ ഇറങ്ങുന്നതിന് മുന്‍പ് കരയില്‍ സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ കളിചിരികളാണ് പിന്നാലെ ദുരന്തത്തിന് വഴിമാറിയത്.
റിസര്‍വോയറിന് ചുറ്റും ആള്‍താമസം കുറവായതിനാല്‍ യുവാക്കള്‍ രക്ഷയ്ക്കായി ആളുകളെ വിളിച്ചെങ്കിലും ആരും വന്നില്ല. രക്ഷപ്പെട്ട രണ്ടുപേരാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രൊഫഷണൽ ഡൈവർമാര്‍ എത്തി ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തില്‍ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി അനുശോചിച്ചു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ബിആർഎസ് എംഎൽഎ ടി ഹരീഷ് റാവുവും സർക്കാരിനോട് ആവശ്യപ്പെട്ടു. റിസർവോയറിന് സമീപം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.