പ്രമുഖ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയതായി പരാതി. ബെംഗളൂരുവിലെ ക്ലൗഡ് കിച്ചണെതിരെയാണ് ആരോപണം. ആരോഗ്യദായകമായ ഭക്ഷണം വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന 'ഫ്രഷ് മെനു' എന്ന ക്ലൗഡ് കിച്ചണില്‍ നിന്നുമാണ് യുവാവ് ഓര്‍ഡര്‍ ചെയ്തത്. മൂന്ന് ബോക്സുകളിലായി സാലഡിന് സമാനമായ ഭക്ഷണമാണ് എത്തിയതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇതില്‍ ഒരു ബോക്സിലെ ഭക്ഷണത്തിലാണ് ജീവനുള്ള പുഴു നുളയ്ക്കുന്നത്. ബോക്സ് തുറക്കാതെ തന്നെ സൊമാറ്റോയില്‍ യുവാവ് പരാതിപ്പെടുകയായിരുന്നു. ബില്ലിലും പൊരുത്തക്കേടുണ്ടെന്നും യുവാവ് ആരോപിച്ചു.
'വളരെ നാളിന് ശേഷമാണ് ഞാന്‍ പുറത്ത് നിന്നും എന്തെങ്കിലും വാങ്ങി കഴിക്കാമെന്ന് വിചാരിച്ചത്. അതാണ് ദേ ഇങ്ങനെ അവസാനിച്ചത്. ദയവ് ചെയ്ത് നിങ്ങള്‍ പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. മറ്റ് നിര്‍വാഹമില്ലെങ്കില്‍ വാങ്ങുന്ന ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൃത്യമായി പരിശോധിക്കണമെന്നും വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
വിഡിയോ വൈറലായതിന് പിന്നാലെ ദുരനുഭവത്തില്‍ 'ഫ്രഷ് മെനു' ഖേദം പ്രകടിപ്പിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും യുവാവിനെ നേരിട്ട് സന്ദര്‍ശിക്കുമെന്നും വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമത്തില്‍ സ്ഥാപനം വ്യക്തമാക്കി. 'ഫ്രഷ് മെനുവില്‍ 100 ശതമാനം പ്രകൃതിദത്തമായ സാധനങ്ങളാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഫ്രഷായും പോഷക സമൃദ്ധവുമായി ആഹാരം എത്തിക്കുകയാണ് ഞങ്ങളുടെ കടമ. ഭക്ഷണം തയ്യാറാക്കുമ്പോഴും പാക്ക് ചെയ്യുമ്പോഴുമെല്ലാം വൃത്തിയും സുരക്ഷിതത്വവുമെല്ലാം ഉറപ്പാകകുന്നതാണെന്നും ഇത് ചെറിയ പിഴവ് സംഭവിച്ചതാണെന്നും മേലില്‍ ആവര്‍ത്തിക്കില്ലെന്നും' വിശദീകരണത്തില്‍ പറയുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ ക്ലൗഡ് കിച്ചണെതിരെ വ്യാപക വിമര്‍ശനമാണ് നിറയുന്നത്. ഫ്രഷ്മെനുവില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ചിട്ട് മുന്‍പ് പലതവണയും അസുഖമുണ്ടായിട്ടുണ്ടെന്നും ഇത്രയും വൃത്തിഹീനമായി പാക്ക് ചെയ്യുന്നതാവാം കാരണമെന്നും ഒരാള്‍ കുറിച്ചു. ഫ്രഷ് മെനുവിനെ നിരോധിക്കണമെന്നാണ് മറ്റൊരാള്‍ ആവശ്യപ്പെടുന്നത്. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും പലരും കുറിച്ചു.