ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ചയാള്‍ ബംഗ്ലദേശ് പൗരനെന്ന് സംശയിക്കുന്നതായി മുംബൈ പൊലീസ്. അഞ്ച് മാസം മുന്‍പാണ് പ്രതിയായ മുഹമ്മദ് ശരിഫുള്‍ ഇസ്ലാം ഷഹ്സാദ് ഇന്ത്യയില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഒന്നുമില്ലെന്നും പാസ്പോര്‍ട്ട് ആക്ട് ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കൊള്ളയടിക്കുന്നതിനായാണ് പ്രതി സെയ്ഫിന്‍റെ വീട്ടിലെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രതി ബംഗ്ലദേശ് പൗരനാണെന്ന് സംശയിക്കുന്നതിന് അടിസ്ഥാനമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ ഇയാള്‍ ബിജോയ് ദാസ് എന്ന് പേരുമാറ്റിയെന്നും നാലുമാസമായി മുംബൈയിലെ ഹൗസ് കീപ്പിങ് ഏജന്‍സിയിലാണ് ജോലി ചെയ്തുവന്നിരുന്നതെന്നും മുംബൈ പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ദിക്ഷീത് ഗെദാം മാധ്യമങ്ങളോട് പറഞ്ഞു. താനെയില്‍ നിന്നും അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
'വീട്ടില്‍ കടന്ന പ്രതി പണം ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ വീട്ടിലെ സഹായിയാ ജുനുവിനെയും സെയ്ഫ് അലി ഖാനെയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ യഥാര്‍ഥ പേര് ഷരീഫുല്‍ ഇസ്ലാം ഷഹ്സാദ് എന്നാണ്. ഇയാള്‍ ബംഗ്ലദേശി പൗരനാ'ണെന്നും പൊലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
മുംബൈ നഗരത്തില്‍, അതീവ സുരക്ഷയുള്ള പ്രദേശത്ത് ഒരാള്‍ അതിക്രമിച്ച് കടക്കുകയും വീടിനുള്ളില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. പ്രതിപക്ഷത്ത് നിന്ന് തുടങ്ങി സിനിമാ മേഖലയില്‍ നിന്നുവരെ ഫഡ്നാവിസ് സര്‍ക്കാരിനെതിരെ ചോദ്യശരങ്ങളുയര്‍ന്നു. അക്രമം നടന്ന് നാലാം ദിവസം മാത്രമാണ് പ്രതിയെ പിടികൂടാനായത്.