മധ്യപ്രദേശില്‍ വിവാഹ നിശ്ചയ ചടങ്ങിനിടെ തിളച്ച എണ്ണയിൽ വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം. ഭോപ്പാലിന് സമീപം നിഷാത്പുരയിലാണ് അപകടം. രാത്രി 11 മണിയോടെ വീട്ടുകാർ അത്താഴം കഴിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പിഞ്ചുനിഷാത്പുര പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ചോലയിലെ ശിവ്നഗർ കോളനിയിലെ ബിസിനസുകാരനായ രാജേഷ് സാഹുവിന്‍റെ മകന്‍ അക്ഷന്‍ഷ് ആണ് മരിച്ചത്. ജനുവരി 20 ന് രാജേഷിന്‍റെ അനന്തരവന്‍റെ വിവാഹ നിശ്ചയമായിരുന്നു . അതിഥികള്‍ പോയശേഷം വീട്ടുകാര്‍ ഭക്ഷണം കഴിക്കാനുള്ള തിരക്കിലായിരുന്നു. ഈ സമയം കുട്ടി ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഭക്ഷണം പാചകം ചെയ്ത ശേഷം പാചകക്കാര്‍ ഒരു വലിയ ചട്ടിയിൽ ചൂടുള്ള എണ്ണ നിലത്ത് ഇറക്കി വച്ചിരുന്നു. ചട്ടിയുടെ സമീപവും എണ്ണ ചിതറി കിടക്കുന്നുണ്ടായിരുന്നു. സമീപത്തെത്തിയ കുട്ടി എണ്ണയില്‍ കാല്‍വഴുതി ചൂടുള്ള എണ്ണയിലേക്ക് വീഴുകയായിരുന്നു. പാചക്കാര്‍ തന്നെയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ വീട്ടുകാർ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെവച്ചാണ് കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു.