ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും വിദ്യാര്‍ഥിനി വീണു മരിച്ചു. ഒറീസയിലെ കിയോഞ്ജർ ജില്ലയിലെ തൻഗിയാപാൽ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഖിരേതാംഗിരി പഞ്ചായത്തിന് കീഴിലെ ദലാങ് ഗ്രാമത്തില്‍ നിന്നുള്ള നമ്രത ബെഹ്‌റ (20)യാണ് മരിച്ചത്.
ഭുവനേശ്വറിലെ സ്വകാര്യ കോളജില്‍ എംസിഎ വിദ്യാര്‍ഥിയായിരുന്നു നമ്രത. കോളജിലെ ക്ലാസിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന
നമ്രതയും നാല് സുഹൃത്തുക്കളും പുരി-ബർബിൽ എക്‌സ്പ്രസിലാണ് യാത്ര ചെയ്തത്. ഭുവനേശ്വറില്‍ നിന്നാണ് സംഘം ട്രെയിനില്‍ കയറിയത്. ടോയലറ്റിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് നമ്രത സീറ്റില്‍ നിന്നും മാറിയത്. പക്ഷെ എങ്ങനെയാണ് യുവതി ട്രെയിനില്‍ നിന്നും വീണതെന്ന് വ്യക്തമല്ല.
പെൺകുട്ടി ട്രെയിനിൽ നിന്ന് വീഴുന്നത് കണ്ട ട്രാക്ക്മാൻ സ്റ്റേഷൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് റെയിൽവേയും ഹരിചന്ദൻപൂർ പോലീസും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നമ്രതയുടെ പിതാവ് ബിജയാനന്ദ ബെഹ്‌റ പച്ചക്കറി വ്യാപാരിയാണ്. അമ്മ വീട്ടമ്മമാണ്. സംഭവത്തിന്‍റെ കാരണം ഞങ്ങൾ പരിശോധിച്ചു വരികയാണെന്ന് ജജ്പൂർ-കിയോഞ്ജർ റെയിൽവേ പോലീസ് എസ്ഐ സുശാന്ത സേത്തി പറഞ്ഞു.