Representative image: Reuters

Representative image: Reuters

TOPICS COVERED

മരുന്ന് പരീക്ഷണത്തിന് വിധേയനായ യുവാവ് പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് മരിച്ചുവെന്ന് കുടുംബം. ബെംഗളൂരുവിലാണ് സംഭവം. സിഞ്ചീന്‍ ഇന്‍റര്‍നാഷനലെന്ന കമ്പനി നടത്തിയ മരുന്ന് പരീക്ഷണത്തിലാണ് 33കാരനായ യുവാവ് പങ്കെടുത്തിരുന്നതെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് 'ദ് ഹിന്ദു' റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡ്രൈവറായി ജോലി ചെയ്തിരുന്ന നാഗേഷ് വീരണ്ണയെന്ന യുവാവാണ് മരിച്ചത്. നാഗേഷിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ വെളിപ്പെടുത്തി. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെയാണ് നാഗേഷ് ഡിസംബറില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. മരുന്ന് കമ്പനിക്കാരെ വിവരമറിയിച്ചപ്പോള്‍ ഉടന്‍ ആശുപത്രിയില്‍ എത്താനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ഗുളികയും കുത്തിവയ്പ്പുകളും നല്‍കി വന്നു. 

ശാരീരിക സ്ഥിതിയില്‍ മാറ്റമില്ലാതിരുന്നതിനെ തുടര്‍ന്ന് നാഗേഷിനെ വീട്ടിലേക്ക് മടക്കി കൊണ്ടു വന്നു.  ചൊവ്വാഴ്ച രാത്രി അത്താഴം കഴിച്ച് കിടന്ന നാഗേഷിനെ രാവില ജീവനറ്റ നിലയിലാണ് കണ്ടെത്തിയതെന്ന് സഹോദരന്‍  പറയുന്നു. ഉടന്‍ തന്നെ മരുന്ന്  പരീക്ഷണത്തിന് വിധേയനായ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നാഗേഷ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത ജാലഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.  മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്തിരുന്ന യുവാവ് മരിച്ചതായി സിഞ്ചീന്‍ ഇന്‍റര്‍നാഷനലും സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ENGLISH SUMMARY:

A 33-year-old man from Bengaluru died due to side effects after participating in a drug trial by Sinogene International, claims his family. According to his brother Revanasiddappa, who works as a driver, Nagesh had no prior health issues before participating in the trial.