train-tea-toilet

TOPICS COVERED

സ്ഥിരമായി ട്രെയിന്‍ യാത്ര നടത്തുന്നവരും ട്രെയിനിലെ ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിക്കുന്നവരും ഞെട്ടിക്കുന്നൊരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചായ വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന കണ്ടെയിനര്‍ ട്രെയിനിലെ ശുചിമുറിക്കുള്ളില്‍ വച്ച് കഴുകുന്നതാണ് വിഡിയോ. ശുചിമുറിയിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച് ചായ പാത്രത്തിന്‍റെ ഉള്‍ഭാഗം വൃത്തിയാക്കുന്നത് വിഡിയോയില്‍ കാണാം. അയൂബ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്ത വിഡിയോ ഇതിനോടകം 10 കോടിയിലധികം പേരാണ് കണ്ടത്. 

'ട്രെയിനിലെ ചായ' എന്നാണ് വിഡിയോയ്ക്ക് മുകളില്‍ എഴുതിയിരിക്കുന്നത്. ദൃശ്യങ്ങള്‍ ഏത് ട്രെയിനില്‍ നിന്നുള്ളതാണ് എന്നോ എപ്പോള്‍ ചിത്രീകരിച്ചതാണ് എന്നതിലോ വ്യക്തതയില്ല. ഇന്ത്യന്‍ ടോയ്‍ലറ്റിന് മുകളില്‍ ചായപാത്രം വെക്കുന്നതും ജെറ്റ് സ്പ്രേ ഉപയോഗിച്ച് ഉള്‍വശം കഴുകുന്നതും വിഡിയോയിലുള്ളത്. തീവണ്ടികളിലെ ശുചിത്വത്തെ പറ്റിയും ഭക്ഷണം തയ്യാറാക്കുന്നതിലെ വൃത്തിയെ പറ്റിയും റെയില്‍വെയെ ടാഗ് ചെയ്ത് കൊണ്ട് രൂക്ഷമായി വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. 

ട്രെയിനില്‍ നിന്നും എങ്ങനെ ചായ വാങ്ങി കുടിക്കുമെന്നാണ് പലരും കമന്‍റിലൂടെ ചോദിക്കുന്നത്. രുചിക്ക് അപ്പുറം ഇതാണ് ട്രെയിനിലെ ചായ ഒഴിവാക്കാനുള്ള കാരണമെന്നാണ് ഒരു കമന്‍റ്. എന്നെന്നേക്കുമായി ഇന്ത്യ വിടാനുള്ള കാരണങ്ങളിലൊന്നാണിത്. ഒരു വില്‍പ്പനക്കാരനില്‍ നിന്ന് വിശ്വസിച്ച് ചായ വാങ്ങി കുടിക്കാന്‍ പോലും സാധിക്കില്ല എന്നാണ് മറ്റൊരു കമന്‍റ്. 

വിഡിയോയില്‍ കാണുന്ന വ്യക്തിയുടെ നിസ്സംഗമായ പെരുമാറ്റത്തെ പറ്റിയും വിഡിയോയില്‍ കമന്‍റുകളുണ്ട്. വളരെ ശാന്തമായാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഇക്കൂട്ടര്‍ക്ക് ഭയമില്ലെന്ന വ്യക്തമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. 

2018 ല്‍ ചെന്നൈ– ഹൈദരാബാദ് എക്സ്പ്രസിലെ ചായ വില്‍പ്പനക്കാരന്‍ ശുചിമുറിയിലെ വെള്ളം ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ റെയില്‍വെ അന്വേഷണം നടത്തി ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. 

ENGLISH SUMMARY:

A viral video showing tea containers being washed in train toilets has left social media users outraged. Learn more about the incident that questions hygiene and food safety on Indian trains.