പഞ്ചാബിലെ ഫിറോസ്പൂരില്‍ പിക്കപ് വാന്‍ ട്രക്കിലിടിച്ച് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞാണ് അപകടമുണ്ടായത്. 15 പേര്‍ക്ക് സാരമായി പരുക്കേറ്റു. ഗുരുഹര്‍സഹായ് സബ്ഡിവിഷനില്‍പ്പെട്ട ഗോലു കാ മോര്‍ ഗ്രാമത്തിലാണ് രാവിലെ അപകടമുണ്ടായത്.
അപകടവിവരമറിഞ്ഞയുടന്‍ സഡക് സുരക്ഷാ ഫോഴ്സ് (SSF) അംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്ന് ഗുരുഹര്‍സഹായ് ഡെപ്യൂട്ടി എസ്പി സത്‍നാം സിങ് പറഞ്ഞു. പരുക്കേറ്റവരെ ഗുരുഹര്‍സഹായിയിലെയും ജലാലാബാദിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ ഫരീദ്കോട്ടിലെ ഗുരു ഗോബിന്ദ് സിങ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിവാഹങ്ങളിലും വിരുന്നുകളിലും മറ്റും വെയിറ്റര്‍മാരായി ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പിക്കപ് വാനില്‍ ഇരുപത്തഞ്ചോളം പേരുണ്ടായിരുന്നു. ജലാലാബാദിലെ ഒരു ചടങ്ങിനുവേണ്ടിയാണ് ഇവരെ കൊണ്ടുപോയത്. കനത്ത മൂടല്‍ മഞ്ഞില്‍ ഡ്രൈവര്‍ക്ക് ദിശയും നിയന്ത്രണവും തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവര്‍: ഗോബിന്ദ, വിക്കി, രവി, സുഖ്‍വിന്ദര്‍, ജസ്വന്ത്, ബഗ്ഗ, ചാന്ദ് സിങ്, മല്‍കിത്.