മൈസുരുവില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ രണ്ട് അപ്പാര്‍ട്ട്മെന്‍റുകളിലായി മരിച്ച നിലയില്‍. ബിസിനസുകാരനായ ചേതന്‍, ഭാര്യ രൂപാലി, മകന്‍ കുശാല്‍, ചേതന്‍റെ അമ്മ പ്രിയംവദ എന്നിവരാണ് മരിച്ചത്. വിശ്വേശരയ്യ നഗറിലെ സങ്കല്‍പ് സെറീന്‍ അപ്പാര്‍ട്ട്മെന്‍റിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമ്മയെയും ഭാര്യയെയും മകനെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ചേതന്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രിയംവദയുടെ മൃതദേഹം ഒരു അപ്പാര്‍ട്ട്മെന്‍റിലും മറ്റുള്ളവരുടേത് മറ്റൊരു ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്‍റിലുമാണ് ഉണ്ടായിരുന്നത്.
AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
സാമ്പത്തികപ്രതിസന്ധിയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. ചേതന് വലിയതുകയുടെ കടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കളില്‍ ചിലര്‍ പൊലീസിന് മൊഴി നല്‍കി. പണം നല്‍കിയ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നാണ് സൂചന. ജീവനൊടുക്കുംമുന്‍പ് ചേതന്‍ അടുത്ത ബന്ധുവിന് ശബ്ദസന്ദേശം അയച്ചിരുന്നു. അവര്‍ തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസിനെ അറിയിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് അപ്പാര്‍ട്ട്മെന്‍റുകളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ചേതനും കുടുംബവും പത്തുവര്‍ഷമായി ഇതേ അപ്പാര്‍ട്ട്മെന്‍റിലാണ് താമസിക്കുന്നത്. സാധാരണജീവിതമാണ് നയിച്ചിരുന്നതെന്നും എന്തെങ്കിലും സമ്മര്‍ദമുള്ളതായി തോന്നിയിരുന്നില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. ചേതന്‍റെ ഫോണും ലാപ്‍ടോപ്പും അക്കൗണ്ട് വിവരങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ജീവനെടുക്കാന്‍ തക്ക കാരണം എന്തായിരുന്നുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഫൊറന്‍സിക്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മൈസുരു പൊലീസ് കമ്മിഷണര്‍ സീമ ലട്കറും ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് എസ്.ജാന്‍വിയും സ്ഥലം സന്ദര്‍ശിച്ചു.
പൊതുതാല്‍പര്യാര്‍ഥം: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതുതരത്തിലുള്ള പ്രയാസവും സമ്മര്‍ദങ്ങളും നേരിടേണ്ടിവന്നാലും സഹായം തേടുക. ദിശ ഹെല്‍പ് ലൈന്‍: Health helpline number 1056 (toll free) / 0471 – 2552056. ഐ കോള്‍ ഹെല്‍പ്‍ലൈന്‍: 9152987821 (https://icallhelpline.org/)