ഫയല്‍ ചിത്രം.
പശുക്കളെ പരിഗണിച്ച് ഉത്തര്‍പ്രദേശ് ബജറ്റ്. ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന അവതരിപ്പിച്ച ബജറ്റില്‍ 2,000 കോടി രൂപയാണ് പശുക്കളുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ചത്. 8.08 ലക്ഷം കോടി രൂപയുടെ ബജറ്റില്‍ 22 ശതമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ചതായി ധനമന്ത്രി പറഞ്ഞു.
13 ശതമാനം വിഹിതം വിദ്യാഭ്യാസത്തിനും 11 ശതമാനം കൃഷിക്കും ആറു ശതമാനം ആരോഗ്യ കാര്യങ്ങള്‍ക്കുമാണ് ചെലവാക്കുക. ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ക്ക് സ്കൂട്ടര്‍ നല്‍കുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. റാണി ലക്ഷ്മിഭായ് സ്കൂട്ടര്‍ യോജനയ്ക്കായി 400 കോടി രൂപ അനുവദിച്ചു.
അടിസ്ഥാന വികസന സൗകര്യത്തിന് 1,000 കോടി രൂപ അനുവദിച്ചു. ആഗ്ര– ലഖ്നൗ എക്സ്പ്രസ് ഹൈവേയെ ഗംഗ എക്സ്പ്രസ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ഹൈവേയ്ക്ക് 900 കോടി രൂപയും അനുവദിച്ചു. അതേസമയം അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാര സഹായം നല്‍കുന്ന മുഖ്യമന്ത്രി സശക്ത് സുപോഷൻ യോജനയ്ക്ക് 100 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്ത് അലഞ്ഞുതിരിയുന്ന പശുക്കള്‍ക്കളുടെ സംരക്ഷണത്തിനായി 2,000 കോടി രൂപയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചത്. ഇതില്‍ 450 കോടി രൂപ കൻഹ ഗൗശാലയ്ക്കും തെരുവ് പശുക്കളുടെ ഷെല്‍ട്ടറിനുമാണ്. ഇതിനൊപ്പം 140 കോടി രൂപ ചെലവാക്കി വലിയ പശു സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 2023-24 ബജറ്റില്‍ 750 കോടി രൂപയാണ് പശുക്കള്‍ക്കായി ചെലവാക്കിയത്.