ടിക്കറ്റില്ലാതെ ട്രെയിന്‍ കയറി പിടിക്കപ്പെടുന്നതും പിഴയടയ്ക്കുന്നതും ഒരു പുതിയ കാര്യമല്ല. പക്ഷേ അതൊരു പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലോ? അത്തരത്തില്‍ ടിക്കറ്റില്ലാതെ എസി കോച്ചിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍റെയും അത് ചോദ്യം ചെയ്യുന്ന ടിക്കറ്റ് എക്സാമിനറിന്‍റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
‘എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പൊലീസുകാരനെ ചോദ്യം ചെയ്യുന്നു ടിടിഇ’ എന്ന കുറിപ്പോടെ റെഡ്ഡിറ്റിലാണ് ആദ്യം വിഡിയോ പോസ്റ്റ് ചെയ്യുന്നത്. വിഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥനോട് യൂണിഫോമിലുള്ളവർക്ക് റെയിൽവേ യാത്ര സൗജന്യമാണോ? എന്ന് ടിടിഇ ചോദിക്കുന്നുണ്ട്. ‘നിങ്ങളുടെ കൈവശം ജനറൽ ടിക്കറ്റ് പോലുമില്ല, എന്നിട്ടും നിങ്ങൾ ഒരു എസി കോച്ചിലാണ് ഇരിക്കുന്നത്. ഇത് നിങ്ങളുടെ വീടാണോ?’ ടിടിഇ പൊലീസിനെ രൂക്ഷ ഭാഷയില്‍ ചോദ്യം ചെയ്യുന്നതായി വിഡിയോയില്‍ കാണാം.
ഒടുവില്‍, എഴുന്നേറ്റ് ജനറല്‍ കംപാര്‍ട്മെന്‍റിലേക്ക് പോകാന്‍ ടിടിഇ ആവശ്യപ്പെടുന്നു. സ്ലീപ്പര്‍ ക്ലാസിലോ മറ്റേതെങ്കിലും എസി കോച്ചിലോ ഇരിക്കരുതെന്നും ടിടിഇ പറയുന്നുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ രസകരമായ കമന്‍റുകളുമായി നെറ്റിസണ്‍സുമെത്തി. റെയിൽവേയ്ക്ക് വിമാനത്താവളങ്ങൾ പോലുള്ള സംവിധാനം ആവശ്യമാണെന്ന് ഒരാള്‍ കുറിച്ചു. റെയില്‍വേയില്‍ പൊലീസ് കാരണമുണ്ടായ ദുരനുഭവങ്ങളും ആളുകള്‍ പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്നുണ്ട്.