പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപകൻ അനുചിതമായി ദേഹപരിശോധന നടത്തിയതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിൽ കൗൺസിൽ ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (സിഎച്ച്എസ്ഇ) പട്ടമുണ്ടൈ കോളജില്‍ ഫെബ്രുവരി 19 നാണ് സംഭവം. ഫെബ്രുവരി 24 നാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്.
പരീക്ഷ എഴുതാന്‍ പ്രവേശിക്കുന്നതിന് മുന്‍പേ മകളെ അധ്യാപകൻ അനുചിതമായി ദേഹപരിശോധന നടത്തിയെന്നും ഇതില്‍ മനം നൊന്താണ് തന്‍റെ മകള്‍ ആത്മഹത്യ ചെയ്തതെന്നുമാണ് വിദ്യാർത്ഥിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അധ്യാപികമാർക്ക് പകരം പുരുഷ അധ്യാപകരെയായിരുന്നു ദേഹപരിശോധനയ്ക്ക് നിയോഗിച്ചിരുന്നത് എന്നും ആക്ഷേപമുണ്ട്. ഇത് സിഎച്ച്എസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് പട്ടമുണ്ടൈ റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് ധീരജ് ലെങ്ക പറഞ്ഞു.
സംഭവത്തില്‍ ഇന്നലെയാണ് കുട്ടിയുടെ വീട്ടുകാര്‍ പരാതി നൽകിയത്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. തെളിവുകൾ ലഭിച്ചാല്‍ പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു. എന്നാൽ കോളജ് അധികൃതർ ആരോപണം നിഷേധിക്കുന്നുണ്ട്. പെൺകുട്ടികളെ വനിതാ ജീവനക്കാരാണ് ദേഹപരിശോധന നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.