image: X
തിരക്കേറിയ ജംഗ്ഷനില്‍ ആഡംബരക്കാര്‍ നിര്‍ത്തി നടുറോഡില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പൂണെയിലെ ശാസ്ത്രിനഗറിലാണ് സംഭവം. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അതിവേഗം നടപടിയുണ്ടായത്. അത്യാഡംബര കാറിന്‍റെ മുന്നിലെ സീറ്റില്‍ രണ്ടുപേര്‍ ഇരിക്കുന്നതും ഡ്രൈവര്‍ സീറ്റിലിരുന്ന യുവാവ് പുറത്തേക്കിറങ്ങി മീഡിയനിലേക്ക് കയറി തിരിഞ്ഞ് നിന്ന് മൂത്രമൊഴിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇരുവരെയും പൊലീസ് തിരിച്ചറിഞ്ഞു.
Image: x.com/LokmatTimes_ngp
കാറിനുള്ളില്‍ ഇരുന്നത് ഭാഗ്യേഷ് ഓസ്വാളാണെന്നും കാറോടിച്ച വ്യക്തി ഗൗരവ് അഹൂജയാണെന്നും പൊലീസ് കണ്ടെത്തി. കാര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ശേഷം മീഡിയനിലേക്ക് കയറി നിന്നായിരുന്നു ഗൗരവ് മൂത്രമൊഴിച്ചത്. ട്രാഫിക് ഉദ്യോഗസ്ഥന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഭാഗ്യേഷിനെ കസ്റ്റഡിയിലെടുത്തു. മൂത്രമൊഴിക്കാന്‍ പോയ ഗൗരവ് പൊലീസിനെ കണ്ടതും ഓടിയൊളിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തിരച്ചില്‍ തുടരുകയാണ്. കാറിനുള്ളിലിരുന്ന ഭാഗ്യേഷിന്‍റെ കൈയ്യില്‍ നിന്ന് മദ്യക്കുപ്പിയും പൊലീസ് പിടികൂടി. മദ്യക്കുപ്പിയുമായി വിഡിയോ എടുക്കുന്നവരെ നോക്കി ഭാഗ്യേഷ് ചിരിക്കുന്നതും വിഡിയോയില്‍ കാണാം.
ഭാഗ്യേഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയെന്നും മദ്യപിച്ചിരുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് കേസെടുത്തുവെന്നും യെര്‍വാഡ പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മോട്ടോര്‍ വാഹന നിയമ പ്രകാരവും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും, അപകടകരമായും അലക്ഷ്യമായും വാഹനമോടിച്ചതിനും കേസ് റജിസ്റ്റര്‍ ചെയ്തു.