സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബദർപൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 42 കാരിയായ പൂജ, അഞ്ചും 18 വയസുമുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം. രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം പൂജ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.
വാടക ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് പേരുടെയും വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു . 42 കാരിയായ പൂജ 2022 ല്‍ ലിവ്–ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രണ്ട് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ജയിലില്‍ നിന്നിറങ്ങിയത്.
വിവാഹ ബന്ധം പരാജയപ്പെട്ട പൂജയ്ക്ക് തുടര്‍ച്ചയായി രണ്ട് ലിവ് ഇന്‍ ബന്ധങ്ങളുണ്ടായിരുന്നു. 2022 ല്‍ ലിവ് ഇന്‍ പങ്കാളിയായ 30 കാരന്‍ റിഷിപാല്‍ ശര്‍മയെയാണ് പൂജ മകന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം പൂജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇവരുടെ മകന്‍ ഇപ്പോഴും ജയിലിലാണ്.
ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പൂജ മറ്റൊരാളുമായി ബന്ധത്തിലായി. ഇയാള്‍ മരണപ്പെട്ടതോടെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. കുടുംബം രണ്ട് മാസമായി വാടക നല്‍കിയിട്ടില്ലെന്നാണ് വിവരം. പലചരക്ക് സാധനങ്ങള്‍ കടമായാണ് വാങ്ങുന്നത്. ഇത് മരണത്തിന് കാരണമായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.