Image: PTI
ഛത്തിസ്ഗഡിലെ ബിജാപുരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍. 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സിആര്‍പിഎഫിന്‍റെ കോബ്ര കമാന്‍ഡോകളാണ് ദൗത്യം നയിക്കുന്നത്. പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഗാംഗ്ലുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍. ബിജാപുരിന്‍റെയും ദണ്ഡേവാഡയുടെയും അതിര്‍ത്തി പ്രദേശമാണിത്. ഇവിടെ നിന്നും വന്‍തോതില്‍ ആയുധങ്ങളും കണ്ടെടുത്തു. ഫെബ്രുവരി ഒന്‍പതിന് ബിജാപുരിലുണ്ടായ ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അന്ന് വീരമൃത്യുവരിച്ചു. 18 നക്സലുകള്‍ ഇവിടെ നിന്നും അറസ്റ്റിലാവുകയും ചെയ്തിരുന്നു.
മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിനകം രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ 81 ലേറെ മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്.