ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ചത് റെക്കോര്‍ഡ് തുക. കര്‍ണാടകയിലെ റായ്ച്ചൂരിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. 3,48,69,621 രൂപയും 32 ഗ്രാം സ്വർണ്ണവും 1.24 കിലോഗ്രാം വെള്ളിയുമാണ് സംഭാവനയായി ലഭിച്ചത്.
രാഘവേന്ദ്ര സ്വാമി മഠത്തിൽ നൂറിലധികം പുരോഹിതന്മാർ സംഭാവന ലഭിച്ച തുക എണ്ണുന്ന വിഡിയോയും പുറത്തുവന്നു. വിഡിയോ ഉടന്‍ വൈറലായി. പതിനാറാം നൂറ്റാണ്ടിലെ സന്യാസിയായിരുന്ന രാഘവേന്ദ്ര സ്വാമിയുടെ ജന്മവാർഷികം ആഘോഷിക്കാൻ ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രം സന്ദർശിച്ചിരുന്നു. 30 ദിവസങ്ങളിലായി നടത്തിയ വഴിപാടുകളില്‍ നിന്നാണ് ഇത്രയും തുക ലഭിച്ചതെന്നാണ് വിവരം.
കഴിഞ്ഞ വർഷം, യുണൈറ്റഡ് കിംഗ്ഡത്തിന്റെ മുൻ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ചിരുന്നു. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണ മൂർത്തിയും രാജ്യസഭാംഗം സുധ മൂർത്തിയും മകളെയും മരുമകനെയും മഠത്തിൽ കൊണ്ടുവരികയും പൂജകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സംഭാവനയുടെ വിഡിയോ പുറത്തുവന്നതോടെ ക്ഷേത്രം കൂടുതല്‍ പ്രശസ്തിയായി.