Image: x.com/Ajaydubey
'വാടാ മക്കളെ, എന്താ ഒരുന്‍മേഷമില്ലാത്ത'തെന്ന് ചോദിച്ച് മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന ജോസ് പ്രകാശിനെ ഓര്‍മയില്ലേ? സിനിമയില്‍ മാത്രമല്ല, ശരിക്കും ഇങ്ങനെ ചിലരുണ്ടെന്നാണ് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ നിന്നുള്ള കാഴ്ച വ്യക്തമാക്കുന്നത്. ദാഹിച്ച് വലഞ്ഞ് നില്‍ക്കുന്ന ചീറ്റപ്പുലിയുടെ കുഞ്ഞുങ്ങള്‍ക്ക് വെള്ളമൊഴിച്ച് കൊടുത്ത ശേഷം, വാടാ വന്ന് കുടിക്കെടാ എന്ന് പറയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിഡിയോ അതിവേഗം വൈറലായതിന് പിന്നാലെ ഉദ്യോഗസ്ഥന്‍റെ ജോലിയും തെറിച്ചു.
മരത്തണലില്‍ ചുറ്റിപ്പറ്റി ചീറ്റപ്പുലി ജ്വാലയും കുഞ്ഞുങ്ങളും നില്‍ക്കുമ്പോഴാണ് വനംവകുപ്പിലെ ഡ്രൈവറായ സത്യനാരായണ്‍ ഗുര്‍ജര്‍ പ്ലാസ്റ്റിക് കാന്‍ നിറയെ വെള്ളവുമായി ചെല്ലുന്നത്. പരന്ന പാത്രത്തിലേക്ക് വെള്ളമൊഴിച്ച ശേഷം പിന്നോട്ട് മാറി നിന്ന് വാ,വന്ന് വെള്ളം കുടിക്കെന്ന് ഗുര്‍ജര്‍ ചീറ്റപ്പുലികളോട് പറയുന്നതുമുണ്ട്. ഇതിന് പിന്നാലെ ചീറ്റകളെല്ലാം വന്ന് വെള്ളം കുടിച്ച് മടങ്ങുന്നതും ഗുര്‍ജര്‍ കാമറയില്‍ നോക്കി പുഞ്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.
ഇതിന് ഒരാഴ്ച മുന്‍പാണ് ഗ്രാമത്തിലേക്ക് ഇറങ്ങിയ ജ്വാലയെയും മക്കളെയും നാട്ടുകാര്‍ കല്ലെറിഞ്ഞ് തുരത്തിയത്. അതേസമയം, ഒട്ടും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല ഇതെന്നും ഇങ്ങനെയല്ല വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ടതെന്നും വിഡിയോ പങ്കുവച്ച് പലരും കുറിച്ചു. ചീറ്റകള്‍ മനുഷ്യനോട് ഇണങ്ങുന്നത് ഒട്ടും ആശാസ്യകരമല്ലെന്നും അതിനാലാണ് ഡ്രൈവര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിച്ചതെന്നും വനംവകുപ്പ് വ്യക്തമാക്കി.
നിലവില്‍ 17 ചീറ്റകളാണ് കുനോയിലെ ദേശീയ ഉദ്യാനത്തില്‍ നിലവില്‍ തുറന്ന് വിട്ടിട്ടുള്ളത്. ഇതില്‍ 11 കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ വച്ച് ജനിച്ചതാണ്. പ്രൊജക്ട് ചീറ്റയുടെ ഭാഗമായി എട്ട് നമീബിയന്‍ ചീറ്റകളെയാണ് 2022 സെപ്റ്റംബറില്‍ ഇന്ത്യയില്‍ എത്തിച്ചത്. ഇതില്‍ അഞ്ച് പെണ‍് ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് ഉണ്ടായിരുന്നത്. 2023 ഫെബ്രുവരിയില്‍ 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ചിരുന്നു. ഇതോടെ കുനോയിലുള്ള ചീറ്റകളുടെ എണ്ണം 26 ആയി.