muskan-rastogi

TOPICS COVERED

കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി വീപ്പയില്‍ ഉപേക്ഷിച്ച കേസിലെ പ്രതി ഗര്‍ഭിണിയെന്ന് ജയില്‍ അധികൃതര്‍. മീററ്റിലെ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുസ്കാന്‍ റസ്തോഗി മാസത്തോളമായി ജയിലിലാണ്. 

ജയിലിലെത്തുന്ന എല്ലാ വനിതാ തടവുകാര്‍ക്കും ആരോഗ്യ പരിശോധനയും ഗര്‍ഭപരിശോധനയും നടത്താറുണ്ട്. ഈ പരിശോധനയിലാണ് മുസ്കാന്‍ ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതെന്ന് ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ പറഞ്ഞു. മീററ്റിലെ ഇന്ദിരാനഗറില്‍ മാര്‍ച്ച് നാലിനാണ് മുസ്കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് ഭര്‍ത്താവ് സൗരഭ് രജ്പുതിനെ കൊലപ്പെടുത്തിയത്. 

സൗരഭിന് മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു കൊലപാതകം. ശേഷം മൃതദേഹം കഷണങ്ങളാക്കി വീപ്പയിലേക്ക് മാറ്റി സിമന്‍റ് നിറച്ച് ഉപേക്ഷിക്കുകയായിരുന്നു. 2023 മുതല്‍ കൊലപാതകത്തിന് ശ്രമം നടത്തിയിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളായ മുസ്കാനും സാഹിലും നിലവില്‍ മീററ്റിലെ ചൗധരി ചരണ്‍ സിങ് ജയിലിലാണ്. 

മകളുടെ പിറന്നാള്‍ ആഘോഷിക്കാനാണ് മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത് (29) നാട്ടിലെത്തിയത്. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2016 ലാണ് സൗരഭ് രാജ്പുത്തും മുസ്‌കാൻ റസ്‌തോഗിയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായതിനാല്‍ ഇരു വീട്ടുകാര്‍ക്കും ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. 

ഭാര്യയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്‍റ് നേവിയിലെ ജോലിയും ഉപേക്ഷിച്ചു. ഇതോടെ ഇരുവരും മീററ്റില്‍ വാടക വീട്ടിടെടുത്ത് താമസം മാറുകയായിരുന്നു. അതിനിടെയാണ് തന്‍റെ സുഹൃത്തായ സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞത്. ഇതോടെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറി. പിന്നീട് മര്‍ച്ചന്‍റ് നേവിയിലെ ജോലി ലഭിച്ചതോടെ 2023 ലാണ് സൗരഭ് ലണ്ടനിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് മുസ്കാനും സാഹിലും കൂടുതല്‍ അടുത്തതും കൊലപാതകം ആസൂത്രണം ചെയ്തതും.

ENGLISH SUMMARY:

Muskan Rastogi, the woman accused of brutally murdering her husband with the help of her lover, is pregnant, according to jail authorities in Meerut. She has been in custody for a month in connection with the killing of her husband, Saurabh Rajput, a former Merchant Navy officer. The shocking murder took place on March 4 in Indiranagar, Meerut.