കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഈയിടെ വര്‍ധിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ വ്യത്യസ്തമായൊരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ഫറൂഖാബാദ് സ്വദേശി ബന്‍വാര്‍ സിങ്. ഭാര്യയെ അവരുടെ കാമുകന് വിവാഹം ചെയ്ത് നല്‍കാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം.
2023 ലാണ് 28 കാരനായ ബന്‍വാര്‍ സിങും വൈഷ്ണവും (24) തമ്മിലുള്ള വിവാഹം. കല്യാണ ശേഷവും വൈഷ്ണവി ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതോടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായിരുന്നു. ബന്‍വാര്‍ സിങ് ആവശ്യപ്പെട്ടിട്ടും യുവതി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല.
ഇക്കാര്യം വൈഷ്ണവിയുടെ വീട്ടില്‍ അവതരിപ്പിച്ചതോടെയാണ് ഗ്രാമത്തിലെ മനോജുമായി ബന്ധത്തിലാണെന്ന കാര്യം യുവതി വെളിപ്പെടുത്തിയത്. ഇതോടെ പ്രശ്നം വഷളാക്കാതെ ഇരുവരുടെയും വിവാഹം നടത്താന്‍ ബന്‍വാര്‍ സിങ് തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഗ്രാമത്തിലെ താലൂക്ക് ഓഫീസില്‍ വച്ചു നടന്ന ലളിതമായ വിവാഹത്തില്‍ ബല്‍വാര്‍ സിങും കുടുംബവും പങ്കെടുത്ത് ദമ്പതികളെ ആശിര്‍വദിച്ചു. മകള്‍ ആദ്യ വിവാഹത്തില്‍ സന്തുഷ്ടയായിരുന്നില്ലെന്നും അതിനാലാണ് ഇഷ്ടപ്പെട്ടായളുമായി വിവാഹം ചെയ്തതെന്നും വൈഷ്ണവിയുടെ അമ്മ പ്രതികരിച്ചു.