Screengrab from X

Screengrab from X

ആചാരലംഘനമുണ്ടായതിനെ തുടര്‍ന്ന് തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് തിരുമല ദേവസ്വം. ഭക്തര്‍ ചെരുപ്പിട്ട് ക്ഷേത്രത്തിന്‍റെ മുഖ്യകവാടം വരെ എത്തിയതോടെയാണ്  അഞ്ച് സുരക്ഷാ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.  സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 6 പൊലീസുകാരെ സസ്പെ‍ന്‍ഡ് ചെയ്യാന്‍ ആന്ധ്രാ പൊലീസിനോടും ദേവസ്വം ആവശ്യപ്പെട്ടു.ഭക്തര്‍ ചെരുപ്പിട്ട് ക്ഷേത്രത്തില്‍ നില്‍ക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രധാനകവാടത്തിന് പുറത്ത് മൂന്ന് പുരുഷന്‍മാര്‍ നില്‍ക്കുന്നതും സുരക്ഷാജീവനക്കാര്‍ നിര്‍ബന്ധിച്ച് ചെരുപ്പ് അഴിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

വൈകുണ്ഠം ക്യൂ കോപ്ലക്സും മൂന്നു ചെക്ക് പോയിന്റുകളും മറികടന്നാണു തുണികൊണ്ടുള്ള ചെരിപ്പ് ധരിച്ച ഭക്തര്‍ മുഖ്യ കവാടത്തിനടുത്തെത്തിയത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്നും സാധാരണയായി ഭക്തര്‍ ക്ഷേത്രത്തിന്‍റെ ആദ്യ കവാടത്തില്‍ തന്നെ ചെരുപ്പഴിച്ച് വച്ച ശേഷമാണ് അകത്തേക്ക് കടക്കേണ്ടതെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.  

ഭക്തര്‍ ചെരുപ്പിട്ട് അകത്ത് കടക്കാനിടയായ സംഭവത്തെ  മുന്‍ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഗന്‍ റെഡ്ഡി അപലപിച്ചിട്ടുണ്ട്. ഗുരുതരമായ സുരക്ഷാ വീഴ്ചകളാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്ത ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കലര്‍ന്ന നെയ്യ് ചേര്‍ത്ത് ലഡ്ഡുവുണ്ടാക്കിയതായി കണ്ടെത്തിയത് വന്‍ വിവാദമായിരുന്നു.

ENGLISH SUMMARY:

Tirumala Tirupati Devasthanam suspends five security staff after devotees entered temple wearing footwear. TTD also urges suspension of six police personnel. Incident caught on video.