വിഡിയോയില്‍ നിന്നുള്ള ചിത്രം
വീട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഭാര്യയെ തല്ലിച്ചതച്ച് ആറംഗസംഘം. ബംഗളൂരുവിലാണ് സംഭവം. 38വയസുകാരിയായ ഷാബിന ബാനുവാണ് ക്രൂരമര്‍ദനത്തിനിരയായത്. തര്‍ക്കം സംസാരിക്കാനെന്ന രീതിയില്‍ യുവതിയേയും രണ്ട് ബന്ധുക്കളേയും പള്ളിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മര്‍ദനം നടന്നത്. മര്‍ദനത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെയാണ്–ഭര്‍ത്താവ് ജമീല്‍ അഹമ്മദ് ഷമീര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പള്ളിയിലേക്ക് ഷാബിന ബാനുവിനേയും ബന്ധുക്കളായ നസ്റീനെയും ഫയാസിനേയും വിളിച്ചുവരുത്തിയത്. ടവരേക്കെരെ ജമാ മസ്ജിദിലാണ് ജമീല്‍ ഷാബിനയെക്കുറിച്ച് പരാതി നല്‍കിയത്. പളളിക്കു പുറത്തുവച്ച് വടിയും കല്ലുകളും പൈപ്പുകളും ഉപയോഗിച്ച് ഒരു സംഘം യുവതിയെ നേരിട്ടു.
ഏപ്രില്‍ 7ന് ഷാബിനയെ കാണാനായി നസ്റീന്‍ വീട്ടിലെത്തുകയും മക്കളേയും കൂട്ടി ഇരുവരും ബുക്കാംബുദി ഹില്‍ സന്ദര്‍ശിക്കാനായി പോവുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം അവിടേക്ക് ഫയാസുമെത്തി. തുടര്‍ന്ന് ഷാബിനയുടെ ഭര്‍ത്താവ് ജമീല്‍ വീട്ടിലെത്തിയ സമയം ഇരുവരെയും കണ്ടു. ഫയാസിനേയും നസ്റീനേയും വീട്ടില്‍കണ്ടതിനെത്തുടര്‍ന്നാണ് പ്രകോപിതനായി ജമീല്‍ പള്ളിയിലെത്തി പരാതി നല്‍കിയത്.
തുടര്‍ന്ന് മൂവരേയും പളളി അധികാരികള്‍ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. മര്‍ദനത്തിനു പിന്നാലെ ഷാബിന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.