തല്ലിപ്പൊളി റോഡിനുള്ള മനോരമ ന്യൂസ് കുഴിവഴി ജാഥ കുഴിരത്ന പുരസ്കാരം കോഴിക്കോട് കൊയിലാണ്ടി കൊല്ലം–മേപ്പയൂര്‍ റോഡിന്. കുഴിശ്രീ പുരസ്കാരം മലപ്പുറം പുലാമന്തോള്‍–പെരിന്തല്‍മണ്ണ റോഡും കരസ്ഥമാക്കി. തലസ്ഥാനത്തുനിന്നും കേരളത്തിലെ കുഴിവഴികളിലൂടെ സഞ്ചരിച്ച ജാഥയ്ക്ക് അഞ്ചാം ദിനം കാസര്‍കോട്ട് ആവേശകരമായ സമാപനം
പ്രഖ്യാപനസമയം തന്നെ കൊയിലാണ്ടി കൊല്ലം–മേപ്പയൂര്‍ റോഡില്‍ ആഘോഷം തുടങ്ങി. ഇനി രണ്ടാമത്തെ തല്ലിപ്പൊളി റോഡിനുള്ള കുഴിശ്രീ പുരസ്കാരം. തകര്‍ന്ന സ്വന്തം റോഡിന്‍റെ പേരില്‍ ആദ്യമായി ഒരു സമ്മാനം. തലസ്ഥാനത്തുനിന്ന് കുലുങ്ങി കുലുങ്ങി ദേശീയപാത, പിഡബ്ലുഡി, പഞ്ചായത്ത് വഴികളിലൂടെയായിരുന്നു കുഴിവഴി ജാഥാ സഞ്ചാരം. കുഴി നിറഞ്ഞ വഴികള്‍ക്കു പറ്റിയ മല്‍സരങ്ങള്‍ വഴി നീളെ.
തകര്‍ന്ന റോഡിനോടുള്ള പ്രതിഷേധം ചിലയിടത്ത് കൂടുതല്‍ കലാപരമായി. മലപ്പുറത്തുനിന്ന് അധികാരികള്‍ക്കുനേരെ പാരഡി ട്രോളുകള്‍. സെറീനയുടെ പാട്ടിന് കുഴിവഴി ജാഥ ചെവികൊടുത്തു എന്നതില്‍ തര്‍ക്കമില്ല എന്ന് പുലാമന്തോള്‍– പെരിന്തല്‍മണ്ണ റോഡിന് നല്‍കിയ കുഴിശ്രീ വിളിച്ചുപറഞ്ഞു. പുരസ്കാരം കിട്ടിയതിന്‍റെ സന്തോഷത്തില്‍ സെറീന വീണ്ടും പാടി. കടന്നുപോയ പൊളിഞ്ഞ വഴിക്കരുകില്‍ താമസിക്കുന്നവര്‍ക്ക് വാഴ വിതരണം ചെയ്താണ് കുഴി വഴി ജാഥ ക്യാപ്റ്റന്മാരായ സനകന്‍ വേണുഗോപാലും ദേവിക രാജേന്ദ്രനും മുന്നേറിയത്. ലോഡുകണക്കിന് വാഴ ചിലവായി എന്നതുതന്നെ കേരളത്തിലെ റോഡുകളുടെ അവസ്ഥയുടെ നേര്‍ ചിത്രം.