സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി പല തവണ തിരഞ്ഞെടുക്കപ്പെട്ട എറണാകുളം മുളന്തുരുത്തി പഞ്ചായത്തിന്‍റെ രണ്ട് മാതൃകാ പദ്ധതികള്‍ ഇനി പരിചയപ്പെടാം. കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനവും ആയുര്‍വേദ ആശുപത്രി കേന്ദ്രീകരിച്ചുള്ള പഞ്ചകര്‍മ്മ ചികില്‍സയും. പൊതുജനാരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതികള്‍ തീര്‍ത്തും സൗജന്യമാണ് എന്നുള്ളതാണ് പ്രത്യേകത.
18 വയസിന് താഴെയുള്ള കുട്ടികള്‍ നിര്‍ബന്ധമായും നീന്തല്‍ പഠിക്കണമെന്നാണ് മുളന്തുരുത്തി പഞ്ചായത്തിന്‍റെ ശാഠ്യം. നീന്തല്‍ പഠിക്കാന്‍ കുളമില്ല, പണമില്ല എന്ന് ഒഴിവുകഴിവ് പറഞ്ഞ് മുങ്ങാന്‍ വരട്ടെ. ഒരുകോടിയിലധികം തൂക ചെലവിട്ട് കിടുക്കാച്ചി സ്വിമ്മിങ് പൂള്‍ പഞ്ചായത്ത് കാരിക്കോട് ഗവ.യുപി സ്കൂളില്‍ പണികഴിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഫീസ് വേണ്ടേ വേണ്ട. പഠിപ്പിക്കാന്‍ രണ്ടു പരിശീലകര്‍. നീന്തല്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത് കപ്പടിച്ചവരുമുണ്ട് കുട്ടികൂട്ടത്തില്‍. വൈഎംസിഎയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നീന്തല്‍ കുളത്തിന്‍റെ ശുചിത്വത്തിനും സുരക്ഷയ്ക്കും ഫുള്‍മാര്‍ക്ക്.
കുട്ടികളുടെ ആരോഗ്യം മാത്രമല്ല, മുതിര്‍ന്നവരുടെ ആരോഗ്യവും പ്രധാനമാണ് മുളന്തുരുത്തി പഞ്ചായത്തിന്. അതിന് കൂട്ടുപിടിക്കുന്നതാകട്ടെ, യോഗയെയും പഞ്ചകര്‍മമ ചികില്‍സയെയും. നാട്ടിലെ ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്പെന്‍സറി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. പഞ്ചകര്‍മമ ചികില്‍സ അടക്കം നാലുവര്‍ഷമായി സൗജന്യമായി ചെയ്യുന്നു. ഇതുവരെ എണ്ണായിരത്തിലധികം പേര്‍ പദ്ധതിയുടെ ഗുണമറിഞ്ഞു.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം തെറാപ്പിസ്റ്റുകള്‍. രോഗം പൂര്‍ണമായും വിട്ടുമാറുന്നതുവരെ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം ഉറപ്പാക്കുന്നു. അഞ്ച് സ്കൂളുകളിലും 16 വാര്‍ഡുകളിലും സൗജന്യ യോഗാ പരിശീലനവും നല്‍കുന്നുണ്ട്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികളിലാണ് പഞ്ചായത്ത്. പുതിയ ബ്ലോക്കിന്‍റെ ശിലാസ്ഥാപനം ഉടനെയുണ്ടാകും.