പത്തുവർഷം ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് കൺമുന്നിൽ തകർന്നുവീണാലും നോക്കിനിൽക്കാനെ എറണാകുളം കാലടിയിലെ സലീമിന് കഴിയൂ. അങ്കമാലി എരുമേലി ശബരീ റയിൽ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്തതോടെയാണ് സലീമിന്‍റെ ദുരിത കാലം തുടങ്ങിയത്. ഭൂമിയിൽ നാട്ടിയ സർവ്വേക്കല്ലിന്‍റെ പേരിൽ വായ്പയെടുക്കാനും തിരിച്ചടിയാണ്.
ഗൾഫിൽ പണിയെടുത്ത് സമ്പാദിച്ചതെല്ലാം സ്വരുക്കൂട്ടി സലീം ഉണ്ടാക്കിയതാണ് ഒക്കൽ പഞ്ചായത്തില്‍ സ്വന്തമായൊരു വീട് പണിതത്. പക്ഷേ മുപ്പതാമത്തെ വയസ്സിൽ വീട് സലീമിന്‍റേതാല്ലാതായി മാറി. വീട്ടിൽ കുടുംബത്തോടൊപ്പം കഴിയുന്നുണ്ടെങ്കിലും രേഖകളിൽ വീടിരിക്കുന്ന ഭൂമി ശബരി റെയിൽവേ പദ്ധതിയുടെതാണ്.
20 വയസ്സ് കടന്ന രണ്ടു പെൺമക്കളുണ്ട് സലീമിന്. ഇവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വായ്പയെടുക്കാൻ മുട്ടാത്ത വാതിലുകളില്ല. ഭൂമിയിൽ സർവ്വേക്കല്ലുണ്ടെന്ന് അറിയുമ്പോൾ ബാങ്കുകൾ കൈ മലർത്തും.
പെരുമ്പാവൂരിൽ ചെറിയൊരു കടയുണ്ട്, സലീമിന്. കുടുംബത്തിന്‍റെ നിത്യ ചെലവ് അതുകൊണ്ട് കഴിഞ്ഞു പോകും. പക്ഷേ മക്കളുടെ ആവശ്യത്തിന് ഈ വസ്തു വിൽക്കാതെ തരമില്ല. അല്ലെങ്കിൽ റെയിൽവേ നഷ്ടപരിഹാരം നൽകണം. ഒരു മനുഷ്യായുസ്സിന്‍റെ അധ്വാനം മുഴുവൻ വെള്ളത്തിൽ വരച്ച വര പോലെ ആയെന്നു മാത്രം.