2024ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. പത്തുപേരുടെ പ്രാഥമികപട്ടിക പ്രഖ്യാപനം ഇന്ന് രാത്രി 9.30ന് മനോരമ ന്യൂസില്‍. KLM ആക്സിവ ഫിന്‍വെസ്റ്റിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്തകളുടെ ലോകത്ത് 2024 ല്‍ തിളങ്ങിനിന്ന നിരവധി മുഖങ്ങള്‍. അവരില്‍നിന്ന് ആരാകും 2024 ലെ വാര്‍ത്താ താരം.
2006 ല്‍ വി.എസ്. അച്യുതാനന്ദനില്‍ തുടങ്ങി 2023ല്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥില്‍ എത്തി നില്‍ക്കുന്നു ന്യൂസ്മേക്കര്‍ പുരസ്കാര ജേതാക്കളുടെ പട്ടിക. വാര്‍ത്തയില്‍നിറയുന്ന വ്യക്തികളില്‍നിന്ന് ഓരോ വര്‍ഷവും വാര്‍ത്താതാരത്തെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത് മനോരമ ന്യൂസ് പ്രേക്ഷകരാണ്.
സംഭവബഹുലമായിരുന്നു വാര്‍ത്താവര്‍ഷം 2024. ആവേശം സൃഷ്ടിച്ച ലോക്സഭാ തിരഞ്ഞെടുപ്പ്. ആരോപണങ്ങളും വിവാദങ്ങളും നിറഞ്ഞ ഉപതിരഞ്ഞെടുപ്പുകള്‍. അപ്രതീക്ഷിത കൂടുമാറ്റങ്ങള്‍. മുന്‍വിധകളെ അട്ടിമറിച്ച ഫലങ്ങള്‍. ഫേയ്സ്ബുക്ക് കുറിപ്പുമുതല്‍ ആത്മകഥ വരെ പാര്‍ട്ടികള്‍ക്ക് തലവേദനയും വാര്‍ത്തകള്‍ക്ക് തലക്കെട്ടുമായ വര്‍ഷം.
കലാ സംസ്കാരിക സിനിമാ കായിക മേഖലകളില്‍ തുടര്‍ചലനങ്ങളുണ്ടാക്കിയ സംഭവങ്ങളും നേട്ടങ്ങളും. നൂറുകണക്കിന് വാര്‍ത്താമുഖങ്ങളില്‍നിന്ന് മനോരമ ന്യൂസ് തയ്യാറാക്കിയ പ്രാഥമിക പട്ടികയില്‍ പത്തുപേരുണ്ടാകും. അവരില്‍നിന്ന് പ്രേക്ഷകവോട്ടിലൂടെ നാലുപേര്‍ അടുത്ത റൗണ്ടിലെത്തും. രണ്ടാംഘട്ട വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിക്കുന്നത്.