jamsheer-can

TOPICS COVERED

കാൻസർ വന്ന് ഒരു കാല് മുറിച്ചു മാറ്റേണ്ടി വന്നിട്ടും ഒരല്പം പോലും തളർത്താനാവാത്ത പോരാളിയുണ്ട് വയനാട് ബത്തേരി പാട്ടവയലിൽ. ജംഷീർ എന്നാണ് പേര്. കേരളത്തിലെ മികച്ച വീൽചെയർ ക്രിക്കറ്ററായും യാത്രകളും പാചകവുമായും ഇന്ന് തിരക്കിലാണ് ജംഷീർ. ചിരിയാണ് ജംഷീറിന്റെയും ആയുധം.

ആകാശംമുട്ടേ തലയുയർത്തി നിൽക്കുന്ന ഈ മനുഷ്യനെ കണ്ടോ. ബത്തേരി പാട്ടവയൽ സ്വദേശി ജംഷീറാണിത്. കാൻസർ ബാധിച്ച് നാല് വർഷം മുമ്പ് ജംഷീറിന്റെ കാല് മുറിച്ചു മാറ്റി. വേദനയനുഭവിച്ച് നാലു ചുമരുകൾക്കുള്ളിൽ ജംഷീർ ഒതുങ്ങുമെന്ന വിചാരിച്ച രോഗം പോലും തോറ്റുപോയി. 

വിധിയെ പോലും നോക്കുകുത്തിയാക്കി ജംഷീർ ഇന്ന് ഏറെ ഉയരത്തിലാണ്.കേരളത്തിലെ ഏറ്റവും മികച്ച വീൽചെയർ ക്രിക്കറ്റ് താരങ്ങളുടെ ലിസ്റ്റിൽ ജംഷീറിന്റെ പേരുണ്ട്. കഴിഞ്ഞ വർഷം നടന്ന വീൽച്ചയർ കിക്കറ്റ് പ്രീമിയർ ലീഗിൽ ഉത്തരാഖണ്ഡിനു കപ്പ് നേടികൊടുത്തത് ജംഷീറാണ്. തമിഴ് നാടിനു വേണ്ടിയും ഗ്രൗണ്ടിലിറങ്ങി.

യാത്രയും നിറഞ്ഞ ചിരിയുമാണ് പ്രധാന മരുന്ന്. കൃതിമ കാൽ പിടിപ്പിച്ച് കേരളത്തിനകത്തും പുറത്തും നിരവധി യാത്രകൾ. വയനാട്ടിൽ ജംഷീർ എത്താത്ത കുന്നും മലയുമില്ലെന്നായി. പ്രിയപ്പെട്ട സുഹൃത്തുക്കളുടെ കയ്യും പിടിച്ചങ്ങ് ഇറങ്ങും. മീശപ്പുലിമല തൊട്ടതാണ് ഏറ്റവും ഒടുവിലത്തേത്.

നല്ല ഒരു പാചകക്കാരൻ കൂടിയാണ്. പ്രദേശത്ത് ജംഷീറിന്റെ രുചിയറിയാത്തവരായി ആരുമുണ്ടാകില്ല. രോഗത്തെ തോൽപ്പിച്ചത് എങനെയെന്ന് ചോദിച്ചാൽ ജംഷീർ ഇങ്ങനെ മറുപടി തരും.ഇടിഞ്ഞു വീഴാറായ കൊച്ചു വീട്ടിൽ നിന്ന് വേദനകളെ പരാജയപ്പെടുത്തിയുള്ള ജംഷീറിന്റെ അതിജീവിനത്തിന് നൂറിൽ നൂറാണ് മാർക്ക്. ജംഷീർ പറഞ്ഞ പോലെ ചിരി തന്നെയാണ് ആയുധം..!

Cancer took one leg, but Jamsheer faced it with a smile; now a top wheelchair cricketer.: