ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി ദുരിതങ്ങളെ താണ്ടിയെത്തിയതാണ് കൊച്ചി കടവന്ത്രയിലെ ഷൈനി പോൾ. അർബുദം ഒരു അവയവം കവർന്നെങ്കിലും ചുണ്ടിലെ ചിരി അതിപ്പോഴുമുണ്ട്. അർബുദ ബാധിതരുടെ കൂട്ടായ്മയിൽ സജീവ പ്രവർത്തകയായ ഷൈനി മറ്റുള്ളവരുടെ കണ്ണീരോപ്പാനും മുൻപിലുണ്ട്.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരി ആയിരുന്നു ഷൈനി. 2022ൽ എറണാകുളം ജനറൽ ആശുപത്രിയിലാണ് ഷൈനിയുടെ സ്തനാർബുദം സ്ഥിരീകരിക്കുന്നത്. കീമോ ചെയ്ത നാളുകളിൽ പക്ഷേ ഉള്ളുലഞ്ഞു. അതിനുശേഷം ഷൈനിക്ക് വന്ന തിരിച്ചറിവ് രോഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി.
ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റും കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റും കൈപിടിച്ചതോടെ ഷൈനി, ജീവിതത്തിലേക്ക് തിരിച്ചു കയറി. സമാന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് അതിജീവിക്കാനുള്ള കരുത്ത് പകരുകയാണ് ഇന്ന് ഷൈനി.
വൃദ്ധയായ അമ്മയ്ക്കും മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനും ലഭിക്കുന്ന പെൻഷനാണ് കുടുംബത്തിന്‍റെ ഏക വരുമാനം. അനുഭവിച്ചു തീർത്ത വേദനകളിൽ നിന്നു കിട്ടിയ ഊർജ്ജമാണ് മറ്റുള്ളവരിലേക്ക് പകരുന്നതെന്ന് ഷൈനി പറയുന്നു.