സിപിഎം നേതാവ് ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു പണ്ടു തന്നെ ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ മന്ത്രി മന്ദിരത്തിലൊളിപ്പിച്ചത് എം.വി.രാഘവനാണെന്നു കോൺഗ്രസ് നേതാവു കെ.സുധാകരന്റെ വെളിപ്പെടുത്തൽ. എം.വി.രാഘവന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചു സിഎംപി (സി.പി.ജോൺ വിഭാഗം) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണു സുധാകരൻ നന്ദിയോടെ എംവിആറിന്റെ സഹായം അനുസ്മരിച്ചത്.
1995ലാണ് ഇ.പി.ജയരാജൻ ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടത്. സിപിഎമ്മിൽ നിന്നു പുറത്തായ എം.വി.രാഘവൻ സിഎംപി രൂപീകരിച്ചു പാർട്ടിയുടെ കണ്ണിലെ കരടും കേരളത്തിലെ മുഖ്യശത്രുവുമായി നിൽക്കുന്ന കാലം. കെ.സുധാകരനാവട്ടെ കണ്ണൂരിൽ സിപിഎമ്മിന്റെ ഹിറ്റ് ലിസ്റ്റിലെ നമ്പർ വൺ.
അന്നു യുഡിഎഫ് സർക്കാരിൽ സഹകരണ മന്ത്രിയായിരുന്നു രാഘവൻ. സുധാകരൻ എംഎൽഎയും. അക്കാലത്താണ്, 95 ഏപ്രിലിൽ, പാർട്ടി കോൺഗ്രസ് കഴിഞ്ഞു കേരളത്തിലേക്കു രാജധാനി എക്സ്പ്രസ് ട്രെയിനിൽ മടങ്ങുന്നതിനിടെ ഇ.പി.ജയരാജനു വെടിയേറ്റത്. ആന്ധ്രയിലെ ഓംഗോൾ മേഖലിലൂടെയാണ് അപ്പോൾ ട്രെയിൻ സഞ്ചരിച്ചിരുന്നത്. അക്രമി തൊട്ടുമുൻപിൽ വന്നു നിന്നു നേരെ വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ വെടിയേറ്റ ജയരാജനു പിന്നീടു ദീർഘകാലം ചികിത്സ വേണ്ടി വന്നു. അതുമായി ബന്ധപ്പെട്ടു ശ്വാസതടസ്സം ഇപ്പോഴുമുണ്ട്. കിടക്കുമ്പോൾ ശ്വാസം കിട്ടാൻ പ്രത്യേക ശ്വസനസഹായ യന്ത്രം വേണം. വെടിയുണ്ടയുടെ ചീള് കഴുത്തിൽ ഇപ്പോഴുമുണ്ടെന്നും ജയരാജൻ പറയുന്നു.
വെടിവച്ച ഉടൻ ട്രെയിനിൽ നിന്നു ചാടിരക്ഷപ്പെട്ട ദിനേശ്, ശശി എന്നീ പ്രതികൾ പിന്നീടു പിടിയിലായി. പ്രതികൾ വാടകക്കൊലയാളികൾ മാത്രമാണെന്നും, എം.വി.രാഘവനും കെ.സുധാകരനും കൂടിയാണ് അവരെ പറഞ്ഞയച്ചതെന്നുമായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഇ.പി.ജയരാജൻ അങ്ങനെ മൊഴി നൽകുകയും ചെയ്തു.
അക്കാലത്തു തന്നെ അറസ്റ്റ് ചെയ്യാൻ ആന്ധ്ര പൊലീസ് തിരുവനന്തപുരത്തെത്തിയപ്പോൾ രക്ഷിച്ചത് എംവിആർ ആയിരുന്നുവെന്നു സുധാകരൻ ഓർക്കുന്നു. സുധാകരന്റെ വെളിപ്പെടുത്തൽ ഇങ്ങനെ: ആന്ധ്ര പൊലീസ് എത്തുന്നതായി എം.വി.രാഘവനു വിവരം ലഭിച്ചു. താൻ പാർട്ടി ഓഫിസിനടുത്തു നിൽക്കുമ്പോൾ അതാ എംവിആറിന്റെ വാഹനം ചീറിപ്പാഞ്ഞു വരുന്നു. ഉടൻ കാറിൽ കയറ്റി എംവിആറിന്റെ ഔദ്യോഗിക വസതിയിലേക്കു കൊണ്ടു പോയി. രണ്ടു ദിവസം അവിടെ ഒളിവിൽ കഴിഞ്ഞു. സംഗതി മണത്തറിഞ്ഞു സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് എത്തിയെങ്കിലും രാഘവൻ നിഷേധിച്ചു. മന്ത്രി മന്ദിരത്തിൽ കയറി പരിശോധന നടത്താൻ പൊലീസ് ധൈര്യപ്പെടില്ലല്ലോ. പിറ്റേന്നു സിഐ എത്തി. കെ.സുധാകരൻ ഇവിടെയുണ്ടോ എന്നു ചോദിച്ചു. എംവിആർ ലുങ്കി മടക്കിക്കുത്തി ചൂടായി സിഐയെ ഓടിച്ചു.
പിന്നെയും എത്ര ദിവസം വേണമെങ്കിലും അവിടെ നിൽക്കാമായിരുന്നു. പക്ഷേ, മന്ത്രിമന്ദിരത്തിൽ ഒളിവിൽ കഴിയുന്നതു ശരിയല്ലെന്നു തിരിച്ചറിഞ്ഞു മൂന്നാം ദിവസം അവിടെ നിന്നു പോന്നു. വീടിനു ചുറ്റും ആന്ധ്രാ പൊലീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതു മറികടക്കാനും വഴി കണ്ടെത്തി. മൂന്നു വെള്ള അംബാസഡർ കാറുകൾ വരുത്തി. മൂന്നു കാറുകൾ ഒരുമിച്ചു വീട്ടിൽ നിന്നു പുറത്തേക്കു പോയി. ഒന്ന് ഇടത്തോട്ടും ഒന്നു വലത്തോട്ടും തിരിഞ്ഞു. ഒരു കാർ നേരേ പോയി. അതിലായിരുന്നു താൻ എന്നും സുധാകരൻ ഓർക്കുന്നു.
ജയരാജൻ വധശ്രമക്കേസിൽ രാഘവനെയും സുധാകരനെയും പിന്നീട് ആന്ധ്ര ഓംഗോൾ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇരുവരെയും പ്രതി ചേർക്കണമെന്നു വാദിഭാഗം ആവശ്യപ്പെട്ടെങ്കിലും ആന്ധ്ര ഹൈക്കോടതി അനുവദിച്ചില്ല. ആവശ്യം സുപ്രീം കോടതിയും പിന്നീടു തള്ളി. പിടിയിലായ അക്രമികളിലൊരാൾ പിന്നീടു മരിച്ചു. മറ്റേയാൾക്ക് ആന്ധ്ര കോടതി 2011ൽ 19 കൊല്ലം തടവു വിധിച്ചു. ജയരാജൻ വധശ്രമത്തിൽ ഇപ്പോഴും സുധാകരൻ പ്രതിയാണെന്നു തന്നെയാണു സിപിഎം ആരോപിക്കുന്നത്. താൻ കേസിൽ പ്രതിയാണെന്നു തെളിയിച്ചാൽ സിപിഎം ഓഫിസിലെ പ്യൂണിന്റെ പണി ചെയ്യാമെന്നു സുധാകരനും വെല്ലുവിളിച്ചിട്ടുണ്ട്.