Strobilanthes-kurinji-land-mafia

ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഗുണം ഭൂമാഫിയയ്ക്കെന്നതിന്‍റെ വ്യക്തമായ  തെളിവുകള്‍ മനോരമ ന്യൂസിന് ലഭിച്ചു. ചെന്നൈയിലെ മൈജോ ആന്‍ഡ് കമ്പനി കൊട്ടാക്കമ്പൂരില്‍ കൈവശപ്പെടുത്തിയിരിക്കുന്നത് 24 പട്ടയങ്ങളാണ്. 8-ാം നമ്പര്‍ ബ്ലോക്കിലെ മറ്റ് 76 പട്ടയങ്ങളില്‍ ഭൂരിഭാഗവും വ്യാജമെന്നും ഈ ഭൂമിയും കൈവശംവച്ചിരിക്കുന്നതും മൈജോ കമ്പനിയെന്നും കണ്ടെത്തി. ഇതിന്‍റെ തെളിവുകള്‍ മനോരമ ന്യൂസ് പുറത്തുവിടുന്നു. ഇടുക്കിക്കാരായ സാധാരണക്കാര്‍ക്കുവേണ്ടിയാണ് ഇളവെന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിഞ്ഞു. മനോരമ ന്യൂസ് അന്വേഷണ പരമ്പര 'കുറിഞ്ഞി പൂത്തതാര്‍ക്ക് ' തുടങ്ങുന്നു. 

 

കൊട്ടാക്കമ്പൂരിലെ പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ഭൂമാഫിയയ്ക്കെതിരെയുള്ള റവന്യൂ നടപടി അട്ടിമറിക്കാൻ ചരടുവലിച്ചത് വനംവകുപ്പ് തന്നെയായിരുന്നു. ഭൂമാഫിയയ്ക്ക് അനുകൂലമായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ തയാറാക്കിയ റിപ്പോർട്ടാണ് കുറിഞ്ഞി ഉദ്യാനം പുനർ നിർണയിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ. ഭൂമാഫിയ കൈവശപ്പെടുത്തിയ ആയിരം ഏക്കറിലേറെ ഭൂമി ഉദ്യാനത്തിന്റെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ. 

 

ജനപ്രതിനിധികൾ ഉൾപ്പെടുന്ന കൊട്ടാക്കമ്പൂരിലെ ഭൂമാഫിയയെ സംരക്ഷിക്കാൻ കൃത്യമായ തിരക്കഥയാണ് വനംവകുപ്പ് തയ്യാറാക്കിയത്. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിന് പിന്നാലെ  വനംവകുപ്പ് റവന്യൂ വകുപ്പിനെതിരെയുള്ള നീക്കം സജീവമാക്കി. അഴിമതി കേസുകളിൽ ഉൾപ്പെടെ ആരോപണവിധേയയായ ഉദ്യോഗസ്ഥയെ മൂന്നാർ വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചായിരുന്നു തുടക്കം. കൊട്ടാക്കമ്പൂരിലെ ഭൂമി കൈവശപ്പെടുത്തിയ മാഫിയയെ സംരക്ഷിക്കാനാണ് നിയമനമെന്ന് ആദ്യ ദിനങ്ങളിൽ തന്നെ ആരോപണമുയർന്നു. ഇത് ശരിവെക്കുന്നതാണ് ഉദ്യോഗസ്ഥയുടെ നടപടി. കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58ൽ ഉൾപ്പെടുന്ന 1983 ഹെക്ടറും, വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62ലെ  247 ഹെക്ടർ ഭൂമിയുമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയിൽപ്പെടുന്നത്. ഇതിൽ 58ാം നമ്പർ ബ്ലോക്കിലെ പടിഞ്ഞാറ് അതിർത്തി പുനർനിർണയിക്കണമെന്നാണ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ. 

 

ഈ പ്രദേശത്താണ് ജോയ്സ് ജോർ‌ജ് എംപി, പെരുമ്പാവൂരിലെ സിപിഎം കൗൺസിലർ ജോൺ ജേക്കബ്  ഉൾപ്പെടെയുള്ളവർ കൈവശപ്പെടുത്തിയ ഭൂമിയുള്ളത്. ഭൂരിഭാഗവും തരിശിട്ട ഭൂമിയിൽ താമസക്കാരും ഇല്ല. എന്നാൽ ഇവിടെ കൃഷിയിടങ്ങളുണ്ടെന്നാണ് വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ. രണ്ട് ബ്ലോക്കുകളിലും വനംവകുപ്പ് വർഷാവർഷം ഫയർലൈൻ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇത് അതിർത്തിയായി കണക്കാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് അതേപടി അംഗീകരിച്ചാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനുള്ള തീരുമാനം. 

 

കയ്യേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മേനി പറയുന്ന സിപിഐ തന്നെയാണ് മറുവശത്ത് കയ്യേറ്റകാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിനൽകുന്നത്. കെ.രാജുവിന്റെ കീഴിലുള്ള വനം വകുപ്പ് ചെയ്യുന്നതൊക്കെ ഇ.ചന്ദ്രശേഖരന്രെ റവന്യൂവകുപ്പ് അംഗീകരിക്കുമോ എന്നാണ് ഇനികാണേണ്ടത്.