കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.വി.പൈലി അന്തരിച്ചു. 98വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. 2007ല്‍ രാഷ്‌ട്രം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 

മാനേജ്‌മെന്റ് വിദഗ്‌ധൻ, വിദ്യാഭ്യാസ വിചക്ഷണൻ,ഭരണഘടന പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിളെല്ലാം തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു എം.വി.പൈലി.മൂവാറ്റുപുഴ പെരിങ്ങഴ മൂലമറ്റത്ത് കർഷകനായ ചെറിയാൻ വർക്കിയുടെയും മറിയത്തിന്റെയും രണ്ടാമത്തെ മകനായി 1919 ഒക്‌ടോബർ അഞ്ചിനാണ് അദ്ദേഹം ജനിച്ചത്. ലക്‌നൗ സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ പൊളിറ്റിക്‌സിൽ എംഎയും എൽഎൽബിയും നേടിയ ഡോ. പൈലി അവിടെ തന്നെ അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യയിൽ ആദ്യമായി ഡൽഹി സർവകലാശാലയിൽ മാനേജ്‌മെന്റ് കോഴ്‌സ് ആരംഭിച്ചപ്പോൾ അവിടെ അധ്യാപകനായി. 1964ൽ കേരളത്തിൽ ആദ്യമായി ആരംഭിച്ച സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്‌റ്റഡീസിന്റെ ഡയറക്‌ടറായി. പിന്നീട് കേരളത്തിന്റെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന്റെ വഴികാട്ടിയായിരുന്നു അദ്ദേഹം.1977ൽ ആണ് അദ്ദേഹം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസിലറാകുന്നത്. ഇതിന് പുറമേ ഹൈദരാബാദ് അഡ്‌മിനിസ്‌ട്രേറ്റീവ് സ്‌റ്റാഫ് ട്രെയ്‌നിങ് കോളജ് ഡയറക്‌ടർ, ഏഷ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ് ഡയറക്‌ടർ ജനറൽ എന്നീ പദവികളും വഹിച്ചു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ മുൻ അധ്യക്ഷനുമായിരുന്നു ഡോ.എം.വി.പൈലി. സംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 2.30ന് കോതമംഗലം ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയിൽ നടക്കും.