kusat

കളമശേരി കുസാറ്റിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വിദ്യാര്‍ഥി യൂണിയൻ ഒാഫിസും വാഹനങ്ങളും തല്ലിതകർത്തു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഏറ്റുമുട്ടൽ. വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ എസ്.ഐ അടക്കം പതിനൊന്ന് പേർക്ക് പരുക്കേറ്റു. 

 

ഇന്നലെ രാത്രി പതിനൊന്നരയോടയായിരുന്നു സംഘർഷത്തിന് തുടക്കം.  ക്യാംപസിലെ സർവകലാശാല യൂണിയൻ ഒാഫിസ് ഒരു സംഘം വിദ്യാർഥികള്‍ അടിച്ചു തകർത്തു. ഇതേ തുടർന്നുണ്ടായ വാക്കേറ്റമാണ് രാത്രി വൈകി ആൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് വ്യാപിപ്പിച്ചത്. എസ്എഫ്ഐ പ്രവർത്തകരും എസ്എഫ്ഐയെ എതിർക്കുന്ന ഒരു വിഭാഗം വിദ്യാർഥികളും തമ്മിൽ കുറച്ച് നാളായി ക്യാംപസിൽ ഏറ്റുമുട്ടലിലാണ്. യൂണിയൻ ഒാഫിസ് തകർത്തത് ചോദ്യം ചെയ്താണ് രാത്രി വൈകി എസ്എഫ്ഐ യെ അനുകൂലിക്കുന്ന വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് ഇരച്ചുകയറിയത്. ഇതോടെ രണ്ട് വിഭാഗം വിദ്യാർഥികളും തമ്മിൽ കൂട്ടത്തല്ലായി. വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തിവീശിയത്. കളമശേരി എസ്ഐ അടക്കം അഞ്ച് പൊലീസുകാർക്കും വിദ്യാർഥികൾക്കുമാണ് പരുക്കേറ്റത്. ഇവരെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആയപ്പോഴേക്കും സ്ഥിതിഗതികൾ ശാന്തമായി. ഹോസ്റ്റലുകൾക്കും യൂണിയൻ ഒാഫിസും മുൻപിൽ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.