ഇന്ത്യന്‍ വീൽചെയര്‍ ബാസ്ക്കറ്റ്  ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി വണ്ണപ്പുറത്തെ അല്‍ഫോണ്‍സ തോമസിനെയും കുടുംബത്തെയും  പരിചയപ്പെടുത്തുകയാണ് മനോരമ ന്യൂസ്. കാലുകളെ പോളിയോ തളർത്തിയിട്ടും മനക്കരുത്തുകൊണ്ടാണ് അല്‍ഫോണ്‍സ കായിക ലോകം കീഴടക്കിയത്. കളിക്കളത്തിലും ജീവിതത്തിലും ഭര്‍ത്താവ് അജീഷാണ് അല്‍ഫോണ്‍സയ്ക്ക് കരുത്തായത്. 

മുള്ളരിങ്ങാട് മാമ്പാറയിലെ വീട്ടിലെത്തുമ്പോള്‍ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ പരിശീലനത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അല്‍ഫോണ്‍സ തോമസ്. ഇന്ത്യന്‍ വീൽചെയര്‍ ബാസ്ക്കറ്റ്  ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി. ഇത് രണ്ടാം തവണയാണ് അല്‍ഫോണ്‍സ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്.  ഒന്നാം വയസില്‍ പോളിയോ അല്‍ഫോന്‍സയുടെ കാലുകളെ തളര്‍ത്തി. പിന്നെ ജീവിതം ബാലന്‍സ് ചെയ്തത് ചക്രക്കസേരയിലിരുന്നാണ്. 2014ല്‍ ഭര്‍ത്താവ് അജീഷിന്‍റെ കൈപ്പിടിച്ച് ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലെത്തി. ‌അതായിരുന്നു തുടക്കം.

പണിതീരാത്ത വീടാണ് അല്‍ഫോണ്‍സയുടെ പരിശീലന കളരി. ചുമരുകളില്‍ പന്ത് തട്ടിയാണ് പരിശീലനം. ചിലപ്പോള്‍ തോട്ടടുത്ത വീട്ടിലെ കുട്ടികുറുമ്പന്‍ അമലും കൂട്ടിനെത്തും. അല്‍ഫോണ്‍സയുടെ  ആഗ്രഹങ്ങളോട് മുഖം തിരിക്കാതെ നിഴലായി ഭര്‍ത്താവ് അജീഷ് ഒപ്പമുണ്ട്. വിധിയോട് പടവെട്ടി വിജയിച്ച ഈ മിടുക്കി സര്‍ക്കാരിന്‍റെയും കായികലോകത്തിന്‍റെയും കണ്ണില്‍ ഇതുവരെപ്പെട്ടില്ല. സ്വന്തമായി ഒരു വീടോ റേഷന്‍കാര്‍ഡോ ഇല്ലാത്ത കുടുംബത്തിന് വണ്ണപ്പുറത്തുകാരുടെ പിന്തുണയാണ് ഏക ആശ്വാസം. വിധിയെ പഴിച്ചിരിക്കാതെ വിജയം കൊതിക്കുന്ന മനസുമായി അല്‍ഫോണ്‍സയും അജീഷും യാത്ര തുടരുകയാണ്.