പരീക്ഷ എഴുതും മുന്‍പെ വിജയത്തിനരികിലെത്തി കേരളത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍. ഹാള്‍ ടിക്കറ്റ് ലഭിച്ചപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം മാര്‍ക്ക് വിദ്യാര്‍ഥികള്‍ ഉറപ്പാക്കി കഴിഞ്ഞു. പതിവില്‍ നിന്ന് വിപരീതമായി നിരന്തര മൂല്യനിര്‍ണയത്തില്‍ ലഭിച്ച മാര്‍ക്ക് രേഖപ്പെടുത്തിയ ഹാള്‍ ടിക്കറ്റ് ലഭിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ വിജയത്തിന് അടുത്തെത്തിയത്. തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഭൂരിപക്ഷാഭിപ്രായം.
പരീക്ഷ എഴുതാനിരിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി,ഐ.ടി വിഷയങ്ങള്‍ക്കും ഒന്നാം ഭാഷക്കും അഞ്ചോ ആറോ മാര്‍ക്ക് കൂടി ഒപ്പിച്ചാല്‍ പരീക്ഷ പാസാകും എന്നുറപ്പ്. ഇംഗ്ലീഷ്, കണക്ക്്, സാമൂഹ്യപാഠം വിഷയങ്ങള്‍ക്ക് 80ല്‍ പത്തു മാര്‍ക്കും കൂടി എഴുതിയെടുത്താല്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി ഒാരോ വിദ്യാര്‍ഥിക്കും ലഭിക്കുന്ന മാര്‍ക്ക് രേഖപ്പെടുത്തിയ ഹാള്‍ടിക്കറ്റാണ് ഇപ്രാവശ്യം വിതരണം ചെയ്യുന്നത്. നിരന്തര മൂല്യനിര്‍ണത്തിന്റെ പേരില്‍ 99 ശതമാനം വിദ്യാര്‍ഥികള്‍ക്കും മുഴുവന്‍ മാര്‍ക്കോ, അല്ലെങ്കില്‍ ഒരു മാര്‍ക്ക് കുറവോ നല്‍കുകയാണ് പതിവുരീതി. വിജയസാധ്യത അല്‍പം കുറവുളള വിദ്യാര്‍ഥിയാണങ്കില്‍ നിരന്തര മൂല്യനിര്‍ണയത്തില്‍ മുഴുവന്‍ മാര്‍ക്കും നല്‍കും. പരീക്ഷക്ക് മുന്‍പെ വിജയം ഉറപ്പാക്കുന്നത് വിദ്യാര്‍ഥികളുടെ മല്‍സരശേഷിയേയും പഠനത്തേയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒട്ടും മികവ് പുലര്‍ത്താത്തവര്‍ക്കും ഹാള്‍ടിക്കറ്റ് ലഭിക്കുബോള്‍ മുഴുവന്‍ മാര്‍ക്ക് ലഭിക്കുന്നത് മിടുക്കരായ വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം കുറക്കുമെന്ന അഭിപ്രായക്കാരുമുണ്ട്. പത്താംക്ലാസ് പരീക്ഷഫലത്തിനൊപ്പം നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക് ചേര്‍ത്തു നല്‍കിയാല്‍ മതിയെന്നാണ് പൊതുവികാരം.