കര്‍ഷകരോടുള്ള കോണ്‍ഗ്രസിന് സമീപനത്തിനെതിരെ രൂക്ഷമായി കെ.എം.മാണി പ്രതികരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റബര്‍ കര്‍ഷകരുടെ പട്ടിണി സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് എന്‍.ജയരാജ് എം.എല്‍എ.  കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിച്ച സമരത്തിലാണ് ജയരാജ് പങ്കെടുത്തത്. അതേസമയം ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ജനപ്രതിനിധിയെന്ന നിലയില്‍ തന്‍റെ ഉത്തരവാദിത്തമാണ് ചെയ്തതെന്നുമായിരുന്നു ജയരാജിന്‍റെ പ്രതികരണം.

പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ പാര്‍ട്ടിയെന്ന് കെ.എം.മാണി പറഞ്ഞതിന് പിന്നാലെയാണ് ഡോ.എന്‍. ജയരാജ് എം.എല്‍എ കാഞ്ഞിരപ്പള്ളിയില്‍  റബര്‍ വിലിയിടിവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിന് ഐക്യദാര്‍ഡ്യവുമായെത്തിയത്.  രാവിലെ ഒമ്പതരയോടെ സമരവേദിയിലെത്തിയ ജയരാജ് സമരത്തിന് ആശംസ അർപ്പിച്ച് സംസാരിച്ചു. ഇത്തരമൊരു സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടുവന്നത്  കര്‍ഷകര്‍ക്ക് ആശ്വാസം പകരുമെന്നും ജയരാജ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനോടുള്ള അടുപ്പമാണോ സമരത്തില്‍ പങ്കെടുക്കാനുള്ള കാരണമെന്ന ചോദ്യത്തോട് റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ആരു സമരം സംഘടിപ്പിച്ചാലും പങ്കെടുക്കുമെന്നായിരുന്നു ജയരാജിന്‍റെ മറുപടി. പരസ്യമായിത്തന്നെ കോണ്‍ഗ്രസിനെതിരെ കേരളാ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി എംഎല്‍എ തന്നെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തിയതിനെ  കോട്ടയം ഡിസിസിയും സ്വാഗതം ചെയ്തു.

സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒക്ടബര്‍ അഞ്ചിന് യുഡിഎഫ് സംഘടിപ്പിച്ച രാപകല്‍ സമരത്തിന് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍  പി.ജെ. ജോസഫ് എത്തിയതും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായാണ് താന്‍ എത്തിയതെന്ന്  ജയരാജ് പറയുമ്പോഴും യുഡിഎഫിനെ പാടെ ഉപേക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറല്ല എന്നതിന്‍റെ സൂചനകള്‍ തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നതും.