മട്ടന്നൂർ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിൽ അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരിയുടെ കൊലവിളി മുദ്രാവാക്യങ്ങൾ ഫേസ്ബുക്കിൽ. പ്രതി തന്നെയാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണൂരിൽ നടന്ന ഒരു പ്രതിഷേധപരിപാടിക്കിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം വിളി ഉയർന്നത്. പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ ധൻരാജ് കൊല്ലപ്പെട്ടതിനെത്തുടർന്ന് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ നടത്തിയ കൊലവിളി മുദ്രാവാക്യങ്ങളുടെ വിഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

‘അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്നിക്കുന്നു’ എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫെയ്സ്ബുക് പ്രൊഫൈലിൽ‌ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്.

 

സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫെയ്സ്ബുക്കിൽ സജീവമായി ഇടപെടുന്നയാളാണ് ആകാശ്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന സ്ഫുരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജിൽ കാണാം.

 

ആകാശിന്റെ ഫെയ്സ്ബുക് സുഹൃത്താണു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകൻ ജെയിൻ രാജ്. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത സെൽഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു. 2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കീഴടങ്ങിയ ആകാശും രജിൻരാജും.