തെറിവിളിക്കുന്ന പൊലീസ് ഇപ്പോള്‍ തെറിവിളികളുടെ നടുവിലാണ്. തലങ്ങും വിലങ്ങും വിമര്‍ശനങ്ങളുടെ പെരുമഴ. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന് ‘നല്ലനടപ്പുക്ലാസുകള്‍’ സജീവമായത്. വിദ്യാർഥികളെയും പ്രായം കുറഞ്ഞവരെയും ‘മോനെ’ എന്നു വിളിക്കാമെന്നാണ് പൊലീസുകാർക്ക് കിട്ടിയ ഒരു നിർദേശം. അതിനു മുന്നിൽ ഒന്നും ചേർക്കേണ്ട. പ്രായം കൂടുതലാണെങ്കിൽ ‘സർ’ അല്ലെങ്കിൽ ‘ചേട്ടാ’ എന്നു വിളിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം ജില്ലകളിൽ നടന്ന പരിശീലന ക്ലാസുകളിൽ വിശദീകരിക്കുന്നു.
പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറാൻ പാടില്ലെന്നും എന്തൊക്കെ പ്രകോപനം ഉണ്ടായാലും അസഭ്യവാക്കുകൾ ഉപയോഗിക്കരുതെന്നും ക്ലാസെടുത്തവർ പതിവുപോലെ കർശന നിർദേശം നൽകി. വാഹന പരിശോധനയ്ക്കു സ്ഥിരമായി പോയിന്റുകൾ നിശ്ചയിക്കണമെന്നും അക്കാര്യം കൺട്രോൾ റൂമിൽ അറിയിക്കാനും തീരുമാനമുണ്ട്. മറ്റു സ്ഥലങ്ങളിൽ വാഹനപരിശോധന പാടില്ല.
നിര്‍ത്താതെ പോയാല്‍ പിന്തുടരേണ്ട
വാഹനങ്ങൾ നിർത്താതെ പോയാൽ പിന്തുടരാൻ പാടില്ല. രേഖകൾ പരിശോധിക്കണമെങ്കിൽ പൊലീസ്, വാഹനത്തിനടുത്തേക്കു പോകണം. കുടുംബമായി യാത്ര ചെയ്യുന്നവരെ റോഡിൽ തടഞ്ഞുനിർത്തുന്ന രീതി ഒഴിവാക്കണം. വൈകിട്ട് അഞ്ചിനുശേഷം വാഹനപരിശോധന വേണ്ട. മദ്യപിച്ചു വാഹനമോടിക്കുന്നുണ്ടോ എന്നു മാത്രമേ രാത്രിയിൽ പരിശോധിക്കാവൂ. ടിപ്പർ ലോറികളെ സ്കൂൾ സമയത്തു മാത്രമേ തടയാവൂ. അല്ലാത്ത സമയങ്ങളിൽ നമ്പർ നോട്ട് ചെയ്തു നിയമനടപടി സ്വീകരിക്കണം.
പൊലീസുകാർക്ക് ഒരു മണിക്കൂർ അടിയന്തര പരിശീലനമാണു ഡിജിപി നിർദേശിച്ചതെങ്കിലും പലയിടത്തും ക്ലാസ് അരമണിക്കൂറിൽ തന്നെ തീർന്നു. എല്ലാ പൊലീസുകാരും ക്ലാസിൽ പങ്കെടുക്കണമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും അവധിയിലുള്ളവർ എത്തിയില്ല.
മാനസിക സമ്മർദവും ജോലിഭാരവും താങ്ങാനാകാതെ പൊലീസുകാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെ പ്രത്യേക ചോദ്യാവലിയുമായും ഡിജിപി രംഗത്തെത്തി. പൊലീസുകാരുടെ മാനസിക സമ്മർദവും ജോലിഭാരവും പരിശോധിക്കാൻ നാനൂറോളം ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി എല്ലാ പൊലീസുകാർക്കും നൽകിയിട്ടുണ്ട്. പേരു രേഖപ്പെടുത്താതെ ജോലിസ്ഥലം മാത്രം വെളിപ്പെടുത്തി ചോദ്യാവലി പൂരിപ്പിച്ചു നൽകണം. ജോലിഭാരം കൂടുതലാണോ? പൊതുജനങ്ങളോടു മര്യാദയ്ക്കു പെരുമാറാറുണ്ടോ? മോശമായി പെരുമാറുന്ന സാഹചര്യം ഉണ്ടാകാറുണ്ടോ? അവധി ലഭിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉള്ളടക്കം.