pva-cast-t

എനിക്ക് മതമില്ലെന്നു പ്രഖ്യാപിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഒന്നല്ല, ഒരായിരമായാലും ഒരു ലക്ഷമായാലും ആ പ്രഖ്യാപനത്തിന്റെ കരുത്തിന് എന്താണ് വ്യത്യാസം? ഒരു കുഞ്ഞിന്റെ മതമേത് എന്ന ചോദ്യത്തിന് മതമില്ല എന്നെഴുതാന്‍ ഒരു മനുഷ്യനുണ്ടായിരിക്കേണ്ട ഉത്തരവാദിത്തം എത്രമാത്രം വലുതായിരിക്കണം. ഒരു ജീവിതത്തെ, ഒരു വ്യക്തിത്വത്തെ നിര്‍ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന, അതിബൃഹത്തായ ഉത്തരവാദിത്തമാണത്.  മതത്തിന്റെ അതിപ്രസരമുള്ള ഒരു സമൂഹത്തില് ജീവിക്കുന്നവരെന്ന നിലയില് കേരളത്തിലൊക്കെ ഇപ്പോഴത് സാഹസികമായ ഒരു തീരുമാനം കൂടിയാണ്. മക്കള്‍ക്ക് മതമില്ലെന്ന് രേഖകളാല്‍  സാക്ഷ്യപ്പെടുത്തുന്ന രക്ഷിതാക്കള്‍കോകൊപ്പമില്ലെങ്കിലും അവരുടെ കണക്കെടുക്കുന്ന വിദ്യാഭ്യാസമന്ത്രിക്ക് ആ പദവിയുടെയെങ്കിലും ഉത്തരവാദിത്തം കാണിക്കാനുള്ള ബാധ്യതയുണ്ട്. സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നേകാല്ലക്ഷം കുട്ടികള്‍ക്ക് ജാതിയും മതവും രേഖപ്പെടുത്തിട്ടില്ലെന്ന് തെറ്റായി പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രി  ഒരു വലിയ രാഷ്ട്രീയനിലപാടിനോടു കാണിച്ചത് ന്യായീകരണമില്ലാത്ത ഉത്തരവാദിത്തമില്ലായ്മയാണ്. 

c-raveendranath

ഏറ്റവും ലളിതമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്, മതത്തിന്റെയും ദേശീയതയുടെയും മഹത്വം വാഴ്ത്തുന്നതിന്റെ നിരര്‍ഥകത. കാരണം  മതമെന്നത് ഒരു മനുഷ്യന്റെ തിരഞ്ഞെടുപ്പേയല്ല, ദേശീയതയും മനുഷ്യന്റെ തിരഞ്ഞെടുപ്പല്ല.  ജനിച്ച് 5 മിനിറ്റിനുള്ളില്‍  നമ്മുടെ പേരില് എഴുതിച്ചേര്‍ക്കുന്ന രണ്ടു കാര്യങ്ങളാണ് മതവും ദേശീയതയും.  നമുക്കൊരു പങ്കുമില്ലാത്ത ആ തിരഞ്ഞെടുപ്പിന്റെ പേരിലാണ്  ജീവിതകാലം മുഴുവന്‍ പോരാടുന്നെതന്നോര്‍ത്താല്‍ തീരുന്ന വീര്യമേയുള്ളു, മതത്തിന്റെ പേരിലുള്ള ഹുങ്ക് പറച്ചിലിന്. 

തലമുറകളുടെ കൈമാറ്റമെന്ന ഒറ്റക്കാരണത്താല്‍ ഏറ്റെടുക്കുന്ന ഒന്നുമാത്രമാണ്, അതു മാത്രമാണ് മതം.  മതത്തില് വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ, അതൊരു ജീവിതരീതിയായി മാത്രം കണ്ടു പിന്തുടരുന്നവര്‍ അങ്ങനേ ജീവിതം പിന്തുടരട്ടെ. പക്ഷേ മതം മനുഷ്യനെ നിയന്ത്രിക്കുന്ന ഒരു കാലത്ത്, മതം മനുഷ്യരെ വിഭജിച്ചുകൊണ്ടേയിരിക്കുന്ന ഒരു കാലത്ത് എന്റെ കുഞ്ഞിന് ഞാനെന്റെ മതം അടിച്ചേല്‍പിക്കില്ലെന്ന് തീരുമാനിക്കുന്ന മനുഷ്യര്‍ പ്രത്യാശയുടെ വാഹകര്‍ തന്നെയാണ്. 

മതം നിങ്ങളുടെ വ്യക്തിത്വവും അഭിമാനവുമൊക്കെയായി മാറുന്ന കാലത്ത്, എന്റെ കുഞ്ഞിന് ആ വ്യാജആത്മവിശ്വാസത്തിന്റെ ലേബല്‍ വേണ്ട എന്നു തീരുമാനിക്കുന്നവര്‍ പറയുന്ന രാഷ്ട്രീയം ലോകത്തെ മുന്നോട്ടു നയിക്കുന്ന വിശ്വാസമാണ്. അതുകൊണ്ട് ആ കുഞ്ഞുങ്ങളുടെ എണ്ണം അത് വെറും ഒന്നായാലും, ഒന്നേകാല്ലക്ഷമായാലും ഒരുപോലെ വലുതാണ്. പക്ഷേ ആ കണക്ക് അത്ര നിസാരമായങ്ങ് തെറ്റിക്കുന്നതും ഒട്ടും നിസാരമല്ലാത്ത ഒന്നു തന്നെയാണെന്ന് േകരളത്തിന്റെ വിദ്യാഭ്യാസമന്ത്രി തിരിച്ചറിയേണ്ടതുണ്ട്.  

students-religion-1

ഒന്നേകാല് ലക്ഷം കുട്ടികള്‍, കൃത്യമായി പറഞ്ഞാല്‍ 1,24, 147 കുട്ടികള് ജാതിയും മതവും രേഖപ്പെടുത്താത്തവരായി കേരളത്തിലെ സ്കൂളുകളില്‍ പഠിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിച്ചത്. ഡി.കെ.മുരളി എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടി. കൂടുതല്‍ കുട്ടികള് ജാതിയും മതവും രേഖപ്പെടുത്താത്ത സ്കൂളുകളുടെ പട്ടികയും ഉത്തരത്തിനൊപ്പം നല്കിയിരുന്നു. ഉത്തരകേരളത്തിലെ ന്യൂനപക്ഷവിദ്യാലയങ്ങളില്‍ നിന്നടക്കം മുഴുവന്‍ വിദ്യാര്ഥികളും ജാതിയും മതവും രേഖപ്പെടുത്താത്തവരാണ് എന്ന കണക്ക് കണ്ടിട്ട് മന്ത്രിക്കോ മറുപടി തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കോ ഒരു അസ്വാഭാവികതയും തോന്നിയില്ലെന്നതാണ് വിചിത്രം.   

ഒടുവില്‍ മതം രേഖപ്പെടുത്താത്ത ഒറ്റവിദ്യാര്ഥി പോലും പഠിക്കാത്ത സ്കൂളുകള്‍ തന്നെ പരസ്യമായി രംഗത്തെത്തിയതോടെയാണ് കണക്കിലെ നിരുത്തരവാദിത്തം തെളിഞ്ഞത്. ഒടുവില്‍ ഒന്നേകാല്‍ ലക്ഷത്തില്‍ നിന്ന് മൂവായിരത്തിനും താഴെയെത്തി യഥാര്‍ഥ കണക്ക്. ജാതിയും മതവും രേഖപ്പെടുത്താതിരുന്നത് 2984 സ്കൂള്‍ വിദ്യാര്‍ഥികള്‍ മാത്രമെന്ന ഐ.ടി.@സ്കൂള്‍ ഡയറക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. അതും ഇനി മാറുമോയെന്ന് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു. പ്രവേശനവിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന സമ്പൂര്‍ണ സോഫ്റ്റ്വെയര്‍ പറ്റിച്ച പണിയാണെന്നാണ് വിദ്യാഭ്യാസവകുപ്പും ഒഴിഞ്ഞു മാറുന്ന കാരണം. വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവാദിത്തം മനസിലാക്കാന്‍ ഇതിനേക്കാള്‍ വലിയ ഉദാഹരണങ്ങള്‍ ആവശ്യമില്ലല്ലോ 

പേടിക്കേണ്ടത്, മതം വേണ്ടെന്നു വച്ച തലമുറയുടെ അംഗസംഖ്യ എത്ര വലിയ രാഷ്ട്രീയപ്രഖ്യാപനമാണെന്നു പോലും മനസിലാക്കാത്ത വിദ്യാഭ്യാസമന്ത്രിയെയാണ്. കൈയില് കിട്ടിയ കണക്ക് ഒരുത്തരവാദിത്തവുമില്ലാതെ വായിച്ചു പോയ ആ മന്ത്രിയെ വിശ്വസിച്ചാണ് കേരളം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്നോര്‍ത്ത് ലജ്ജിക്കണം. പക്ഷേ കണക്കിലെ തെറ്റുകള് ആഘോഷമാക്കി അത്രയൊന്നുമില്ലെന്ന് ആഹ്ലാദിക്കുന്നവരെ തിരിച്ചറിയാന് ഒരവസരം തന്നതിന് അതേ മന്ത്രിക്കു തന്നെ നന്ദി പറയുകയും വേണം.  

കഴിഞ്ഞയാഴ്ചയാണ് ഇതേ പറയാതെ വയ്യയില് ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങിയ മകളെ കുത്തിക്കൊന്ന അച്ഛനുയര്ത്തുന്ന ചോദ്യങ്ങള് ചര്ച്ചയായത്. ജാതിവിവേചനം മലയാളിയെ എത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു എന്നതിനു നേര്സാക്ഷ്യമായിരുന്നു ആ ദുരന്തം. അതിനു തൊട്ടടുത്ത ദിവസങ്ങളിലാണീ പുതിയ കണക്കുകള് വന്നത്. മൂന്നരക്കോടി നാനാജാതിമതസ്ഥര്ക്കിടയില് ഒന്നേകാല് ലക്ഷം കുട്ടികള്ക്ക് ജാതിയും മതവുമില്ലെന്ന വാര്ത്ത ചില്ലറ പ്രകമ്പനങ്ങളല്ല സൃഷ്ടിച്ചത്. നമ്മുടെ രാജ്യത്ത്, അധികാരാസക്തി മതത്തിന്റെ പേരില് മാത്രം മനുഷ്യരെ വിഭജിച്ചുകൊണ്ടേയിരിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിയുന്നവര് പോലും മതനിരാസമെന്ന വാര്ത്തയില് അസ്വസ്ഥരായി. അതിലൊന്നും വലിയ കാര്യമില്ലെന്ന ലളിതവല്ക്കരണം മുതല് പുതിയ കാലത്തിന്റെ പിറവിയെന്നു വരെ ഉദ്ഘോഷണങ്ങളുണ്ടായി. രാഷ്ട്രീയകാപട്യം മാത്രമാണ് ജാതിമതമില്ലാത്ത കുട്ടികളെന്നും വിലയിരുത്തലുകളുണ്ടായി. മതം രേഖപ്പെടുത്തുന്നില്ലെന്നാണ് അവര് പ്രഖ്യാപിച്ചതെന്നത് മറന്ന്, സംവരണവിരുദ്ധരാഷ്ട്രീയത്തിന്റെ വ്യാജപ്രകടനമാണ് നടത്തുന്നതെന്നും വിധിയെഴുത്തുണ്ടായി.  

പ്രധാന വസ്തുത പക്ഷേ ഇതിനെല്ലാമിടയിലായിരുന്നുവെന്ന് ഓര്ത്തവര് വളരെ ചുരുക്കമാണ്.  മതം ഒരു പൗരന്റെ അടിസ്ഥാനയോഗ്യതയായി മാറുന്ന ഈ  രാഷ്ട്രീയകാലത്ത്  ഞങ്ങള്ക്കതു വേണ്ടെന്ന് ഉറപ്പിച്ചു പറയുന്ന മനുഷ്യര്, അവരെത്ര ചെറിയ കൂട്ടമായാലും, എത്ര പ്രിവിലേജുകള് അനുഭവിക്കുന്നവരായാലും അതൊരു പ്രഖ്യാപനമാണ്. ഏതു വിമര്ശനങ്ങള്ക്കിടയിലും അവഗണിക്കാനാകാത്ത അടിത്തറയുളള ഉറച്ച പ്രഖ്യാപനം. മതമില്ലെന്നോ വിശ്വാസമില്ലെന്നോ നിരീശ്വരവാദിയെന്നോ ഒന്നുമല്ല ആ പ്രഖ്യാപനം. മതത്തിന്റെ മേല്വിലാസം വേണ്ടെന്നാണ്. ആ രാഷ്ട്രീയം അപഹസിക്കപ്പെടേണ്ടതല്ല.  

കോളത്തില് ഉപേക്ഷിക്കാനാവുന്നതല്ല, ഇന്ത്യന് സമൂഹത്തില് ജാതി എന്ന യാഥാര്‍ഥ്യം. ഒരു മനുഷ്യന്റെ  ഇന്നത്തെ  സാമൂഹ്യസാമ്പത്തികാവസ്ഥയിലും വിലയിരുത്താനാകില്ല ജാതിയുടെ സ്വാധീനം. തലമുറകള്‍ നേരിട്ട പീഡനവും ഇന്നും തുടരുന്ന ജാതിവിവേചനവുമൊക്കെ യാഥാര്‍ഥ്യമായി തന്നെ തുടരുമ്പോള്‍ ജാതി മനുഷ്യന്‍ ഉപേക്ഷിച്ചാലും, ജാതി മനുഷ്യനെ ഉപേക്ഷിക്കില്ലെന്നതാണ് സാമൂഹ്യയാഥാര്‍ഥ്യം. വിവേചനത്തിനെതിരെ പോരാടുന്ന ഒരു കൂട്ടം മനുഷ്യര്‍ ജാതി ഉപേക്ഷിക്കേണ്ടവരല്ല.  അവകാശങ്ങള്‍ ഉറപ്പിച്ചെടുക്കും വരെ, ജാതിയില് നിന്നുതന്നെ ജാതിവിവേചനത്തിനെതിരെ പോരാടേണ്ടവരാണ്. സമൂഹം അവര്ക്കൊപ്പം നില്ക്കാന് ബാധ്യതപ്പെട്ടവരുമാണ്.  പക്ഷേ അതിനപ്പുറത്ത്, ജാതിയുടെയും മതത്തിന്റെയും വിവേചനം വേണ്ടെന്നു വയ്ക്കാന് കഴിയുന്നവരുടെ പോരാട്ടം ആ മതത്തിന്റെയും ജാതിയുടെയും  സംരക്ഷണകവചം വേണ്ടെന്നു വച്ചു തന്നെയാകണം.   

മത–ജാതി കോളങ്ങള്‍ പൂരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും വലിയ കാര്യമില്ലെന്ന് വിശ്വസിക്കുകയും ശുദ്ധ മത വിരുദ്ധ –ജാതി വിരുദ്ധ ജീവിതം നയിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. കോളം ഒഴിച്ചിട്ടവരെപ്പോലെ തന്നെ അഭിമാനിക്കാന്‍ വകയുള്ളവരാണിവരും. അവരില്‍ നിന്ന് വ്യത്യസ്തമായി ചിലര്‍ കോളം ഒഴിച്ചിട്ടത് നാളെ നേരം വെളുക്കുമ്പോള്‍ വിപ്ളവം നടക്കും എന്ന് കരുതിയിട്ടൊന്നുമല്ല. പ്രാഥമികമായി ഇത്തരക്കാര്‍ അഡ്രസ് ചെയ്തത് അവരുടെ കുട്ടികളെയാണ്. തങ്ങള്‍ വളര്‍ന്നു വന്ന മത–ജാതി പരിസരങ്ങളില്‍ നിന്ന് കുട്ടികളെ മാറ്റി നടത്താനുള്ള ശ്രമം. നാളെ മതവും ജാതിയുമല്ല മനുഷ്യനാണ് പ്രധാനം എന്ന് കുട്ടികളോട് പറയേണ്ടി വരുമ്പോള്‍ പിന്നെ എന്തിനാണ് എന്റെ സര്‍ട്ടിഫിക്കറ്റില്‍ നിങ്ങള്‍ ഈ കോളങ്ങള്‍ പൂരിപ്പിച്ചത് എന്ന് ചോദിച്ചാല്‍ തലകുനിക്കാതിരിക്കാനുള്ള മുന്‍കരുതല്‍.   

വലിയൊരു പക്ഷം ഈ വാര്‍ത്തയില്‍ അസ്വസ്ഥരായത്, ഓ അവര്‍ കുറേ കേമന്‍മാര്‍. നമ്മളൊക്കെ മോശക്കാര്‍ എന്ന ചെറിയ മനസിന്റെ തോന്നലിലാണ്. ഒരാളുടെ നിലപാട് തങ്ങളെ കുറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന വികാരമാണതിനു പിന്നില്‍. മതവിശ്വാസിയായിരിക്കുമ്പോഴും ജാതിപ്പേരു വഹിക്കുമ്പോഴും നല്ല മനുഷ്യനാകാനുള്ള സാധ്യത പൂര്‍ണമായും നിലനില്‍ക്കുന്നു. മതം വേണ്ടെന്നു വച്ച മൈക്രോ ന്യൂനപക്ഷത്തിന്റെ പ്രിയപ്പെട്ടവരില്‍ ഭൂരിപക്ഷവും മതവിശ്വാസികളും ജാതി വാഹകരുമൊക്കെ തന്നെയാണ്. അവരുടെ നിലപാട് തങ്ങളെ മോശക്കാരാക്കാനുള്ളതാണെന്ന് തോന്നുന്നുണ്ടെങ്കില്‍, തങ്ങളുടെ മത–ജാതി വിശ്വാസം ഒരു വില കുറഞ്ഞ കാര്യമാണെന്ന കുറ്റബോധം കൊണ്ട് ഉണ്ടാകുന്നതാണ്. ഞാന്‍ സസ്യാഹാരിയാണെന്ന് ഒരാള്‍ പറയുമ്പോള്‍ മാംസാഹാരിക്ക് വിഷമം തോന്നേണ്ട കാര്യമില്ലല്ലോ. താന്‍ കഴിക്കുന്നതില്‍ പാപമുണ്ടെന്ന കുറ്റബോധമില്ലാത്തിടത്തോളം കാലം.

മതം ഒരു വേവലാതിയായവര്‍   മതമില്ലാതെ എവിടെ നിന്ന് മൂല്യങ്ങള്‍ എന്ന അസംബന്ധചോദ്യം ഇനിയും ചോദിക്കും. മനുഷ്യത്വത്തിനു പകര്ന്നു കൊടുക്കാന് കഴിയാത്ത മൂല്യങ്ങളുണ്ടെന്നും അതിനു വേണ്ടിയെങ്കിലും മതം അവിടിരുന്നോട്ടെ എന്നു വിങ്ങിപ്പൊട്ടും. മതം ആവശ്യമുണ്ടോ എന്നൊരു ഗൌരവമുള്ളൊരു ചോദ്യം മുന്നില് വന്നാല് പ്രതിസന്ധിയിലാകുന്നത് മനുഷ്യനോ ദൈവമോ അല്ല, മതം മാത്രമാണെന്ന സത്യം ആര്ക്കാണറിയാത്തത്!

മതവിശ്വാസത്തെ അപമാനിക്കാനോ, അനുഷ്ഠാനങ്ങളെ അവഹേളിക്കാനോ അല്ല, മതം രേഖപ്പെടുത്താത്ത കുട്ടികളുെട എണ്ണം ചര്ച്ചയായത്. മതത്തിന്റെ ആത്മീയതയല്ല ചര്ച്ചാകേന്ദ്രം, അധികാരത്തിന്റെ ആയുധമാകുന്ന വിശ്വാസമാണ്. രാഷ്ട്രീയാധികാരത്തിനുള്ള ഉപകരണമായിരിക്കുന്നു മതം. വിശ്വാസം മൂല്യങ്ങള് ബലപ്പെടുത്താനല്ല, അധികാരവഴിയിലേക്കുള്ള വിലപേശലിനുള്ള ഉപാധി മാത്രമാകുന്നതിനെക്കുറിച്ചാണ്. മനുഷ്യനെ വിഭജിക്കാനും പരസ്പരശത്രുതയും വിദ്വേഷവും വളര്ത്താനുള്ള ഏറ്റവും തീവ്രശേഷിയേറിയ ആയുധമാകുന്നതിനോടുള്ള പ്രതിഷേധമായാണ് ആ കണക്ക് ചര്ച്ചയാകേണ്ടത്. പക്ഷേ ആ രാഷ്ട്രീയമൊന്നും മനസിലാക്കാനുള്ള ശേഷി കേരളത്തിലെ ഇടതുസര്ക്കാരിനില്ലെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. കൈയില് കിട്ടിയ കണക്കെടുത്ത് ഒരു പരിശോധനയുമില്ലാതെ കേരളത്തിനു മുന്നിലേക്കിട്ടു തിരിഞ്ഞു നടന്നിരിക്കുന്നു വിദ്യാഭ്യാസമന്ത്രി. രേഖപ്പെടുത്തിയില്ല എന്നതും ജാതിയും മതവും ഇല്ലെന്നു തീരുമാനിച്ചു എന്നും വ്യാഖ്യാനിക്കപ്പെടുന്നതിന്റെ വ്യത്യാസം അറിയാത്തൊരാള് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി തുടരണോ എന്നാണ് അടിയന്തരമായി ഉത്തരം കിട്ടേണ്ട ചോദ്യം.