നടന്‍ സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ നോക്കുകൂലി തൊഴിലാളി യൂണിയനുകള്‍ തിരികെനല്‍കി. വീടുപണിയ്ക്കുള്ള ഗ്രാനൈറ്റ് ഇറക്കാനായി വാങ്ങിയ ഇരുപത്തയ്യായിരം രൂപയാണ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ തിരികെനല്‍കിയത്. സര്‍ക്കാര്‍ ഇടപെടല്‍ മാതൃകാപരമെന്ന് സുധീര്‍ കരമന പറഞ്ഞു.

 

തിരുവനന്തപുരം ചാക്കയില്‍ സുധീര്‍ കരമന നിര്‍മിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്ന ഗ്രാനൈറ്റ് ഇറക്കാനാണ് എല്ലാ യൂണിയനുകളിലും പെട്ട തൊഴിലാളികള്‍ ചേര്‍ന്ന് നോക്കുകൂലി വാങ്ങിയത്. ഗ്രാനൈറ്റ് ഇറക്കാന്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ നല്‍കില്ലെന്ന് അറിയിച്ചതോടെ ഒരു ഗ്രാനൈറ്റും ഇറക്കാതെ ഭീഷണിപ്പെടുത്തി ഇരുപത്തയ്യായിരം രൂപ വാങ്ങുകയായിരുന്നു. ഇത് വാര്‍ത്തയായതോടെ തൊഴിലാളി നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ട് സുധീര്‍ കരമനയുമായി നടത്തിയ ചര്‍ക്കൊടുവിലാണ് പണം തിരികെ നല്‍കിയത്.

 

നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ സി.ഐ.ടിയു സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ചര്‍ച്ചയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപകിന്റെ മധ്യസ്ഥതയിലെ ചര്‍ച്ചയില്‍ സി.ഐ.ടി.യു നേതാക്കളായ വി. ശിവന്‍കുട്ടി, ജയന്‍ബാബു, കഴക്കൂട്ടം ലേബര്‍ ഓഫീസിലെ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലും നിര്‍ണായകമായെന്നും  സുധീര്‍ കരമന പറഞ്ഞു.