ന്യൂനപക്ഷമെന്നാൽ ന്യൂനതയുള്ളവരുടെ പക്ഷമെന്നാണ് താൻ വിചാരിക്കുന്നതെന്ന് ജസ്റ്റിസ് കെടി തോമസ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ന്യൂനപക്ഷമാണെന്ന വാദത്തോട് താൻ വിയോജിക്കുന്നുവെന്നും കെടി തോമസ് മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ പറഞ്ഞു. വിശ്വാസത്തിന്റെ പേരിലാണെങ്കിൽ പാഴ്സികളും ജൈനന്മാരുമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെന്നും അവർ യാതൊരു പരാതികളും ബഹളങ്ങളും ഉണ്ടാക്കുന്നില്ലല്ലോ എന്നും കെടി തോമസ് പറഞ്ഞു.

 

ജസ്റ്റിസ് കെടി തോമസിന്റെ വാക്കുകൾ

 

ന്യൂനപക്ഷെമെന്തെന്ന് നിർവചിക്കുക പ്രയാസമാണ്. അത് ഭാഷയുടെ ,വിശ്വാസത്തിന്റെ, വർഗത്തിന്റെ ഒക്കെ പേരിലാകാം. വിശ്വാസത്തിന്റെ പേരിലാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം പാഴ്സികളാണ്. അവർ പറയുന്നില്ല അവർ വേർതിരിവ് അനുഭവിക്കുന്നവരാണെന്ന്. പാഴ്സികളുടെ പുരോഹിതനാണ് ഇന്നത്തെ സുപ്രീകോടതി ജഡ്ജികളിലൊരാളായ രോഹിന്ത്യൻ നരിമാൻ, അതുപോലെ തന്നെ ചീഫ് ജസ്റ്റിസായിരുന്ന കപാഡിയ എന്നിവർ.

 

രണ്ടാമത്തെ ന്യൂനപക്ഷം ജൈനന്മാരാണ്. പിന്നെ ബുദ്ധന്മാരാണ്. അവരൊന്നും വിവേചനമുണ്ടെന്ന് പരാതിപ്പെടുന്നില്ല. ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ന്യൂനപക്ഷമെന്ന് പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. എല്ലാവിശ്വാസത്തിൽപ്പെട്ടവർക്കും അപകടം അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാകുന്നുണ്ട്. അത് വർഗീയ സംഘട്ടനങ്ങളാണ്. സിക്കുകാർക്കും അപകടം സംഭവിച്ചിട്ടില്ലേയെന്നും ജ.കെടി തോമസ് ചോദിക്കുന്നു.

 

ആർട്ടിക്കിൾ 30 പ്രകാരം മതന്യൂനപക്ഷത്തിന് വിദ്യാഭ്യസ്ഥാപനങ്ങൾ നടത്തുന്നതിനു മാത്രമേഭരണഘടനാ പരമായി അവകാശമുള്ളൂ. അങ്ങനെയാണെങ്കിൽ ന്യൂനപക്ഷം ന്യൂനതയുള്ളവരാണ്. അവരെ സംരക്ഷിക്കാൻ ഭൂരിപക്ഷത്തിന് അവകാശമുണ്ട്. ഭരണത്തിലുള്ളവർ എന്തായാലും ഭൂരിപക്ഷമുള്ളവരായിരിക്കുമല്ലോ?

 

ഇവിടെയുള്ള ന്യൂനപക്ഷം വിശേഷാവകാശങ്ങൾ ഉൾക്കൊള്ളുന്നവരാണ്. ആർട്ടിക്കിൾ‌ 15ലെ ഭരണഘടനാ ഭേദഗതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതിക്കാർക്ക് വിദ്യാഭ്യാസ സംവരണം നൽകുന്നതാണ്. എന്നാൽ, മറ്റ്ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥപാനങ്ങൾ നടത്തുന്നവർക്ക് ബാധകമല്ലെന്ന് ഭരണഘടനാ ഭേദഗതിയിൽ തന്നെ പറയുന്നുണ്ട്. അതായത് ക്രിസ്ത്യാനികൾക്കും മുസ്ലീംങ്ങൾക്കും ഇൗ സംവരണം ബാധകമെല്ലെന്ന്. ഇത് ശരിക്കും അവരോടുള്ള വിവേചനമാണെന്നാണ് എന്റെ അഭിപ്രായമെന്ന് ജസ്റ്റിസ് കെടി തോമസ് പറഞ്ഞു.