പിണറായി കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സൗമ്യ കുറ്റവാളിയാണെന്ന് കേരളം ഒന്നടങ്കം പറയുമ്പോഴും ഇപ്പോഴും വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിൽക്കുകയാണ് സൗമ്യയുടെ നാട്ടുകാർ. അക്കൂട്ടത്തിൽ ഒരാളാണ് സൗമ്യയുടെ അമ്മയുടെ സുഹൃത്ത് പത്മാക്ഷി. 'സൗമ്യയുടെ പെരുമാറ്റത്തിൽ ഇതുവരെയും ഒരു സംശയവും തോന്നിയില്ല. ഒരു ഭാവഭേദവും സൗമ്യക്ക് ഇല്ലായിരുന്നു. ഇപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സൗമ്യയുടെ അമ്മയുടെ സുഹൃത്ത് പത്മാക്ഷി പറയുന്നു. 

സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ മരിച്ച് നാലു ദിവസം കഴിഞ്ഞപ്പോൾ പത്മാക്ഷി സൗമ്യയുടെ വീട്ടിൽ പോയി. അപ്പോൾ സൗമ്യ പത്മാക്ഷിയോട് പറഞ്ഞതിങ്ങനെ. ‘വിഷം കൊടുത്തത് ഞാനാണെന്ന് എല്ലാവരും സംശയിക്കുന്നു. എന്റെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. ഓൺ ചെയ്താൽ അനാവശ്യ ചോദ്യങ്ങളാണ് ആളുകൾ ചോദിക്കുന്നത്..’

‘ഫോൺ സ്വിച്ച് ഓഫാക്കുന്നതെന്തിനാ... അനാവശ്യ കോൾ വരുമ്പോൾ ഒഴിവാക്കിയാൽ പോരേ..’ എന്ന് പത്മാക്ഷി ചോദിച്ചപ്പോൾ 'ഞാൻ ഇനി ഫോൺ ഉപയോഗിക്കില്ലെന്നും എനിക്കു വേണ്ടെന്നുമായിരുന്നു സൗമ്യയുടെ മറുപടിയെന്നും ഇവര്‍ ഓർക്കുന്നു. സൗമ്യ ഇതു പറഞ്ഞു കഴിയുമ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദേശപ്രകാരം സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് അധികൃതർ സൗമ്യയുടെ വീട്ടിലെ കിണറിലെ വെള്ളം പരിശോധിക്കാനെത്തി. ഈ സമയം കിടക്കയിൽ കിടന്ന സൗമ്യ ചാടിയെഴുന്നേറ്റു കിണറിനടുത്തു ചെന്ന് അധികൃതർ വെള്ളം എടുത്തു കൊണ്ടുപോകുന്നതു നോക്കി നിന്നതായും പത്മാക്ഷി പറഞ്ഞു.

കിണറ്റിലെ വെള്ളത്തിൽ അമോണിയയുണ്ടെന്ന് സൗമ്യ നേരത്തെ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇത് തകരുമോ എന്ന് ഭയന്നായിരിക്കണം സൗമ്യ ചാടി എണീറ്റത്. സൗമ്യയുടെ അമ്മ മരിച്ച ദിവസം വെള്ളത്തിനാണ് പ്രശ്നമെങ്കില്‍ എനിക്കും എന്തെങ്കിലും സംഭവിക്കേണ്ടേ എന്ന് സൗമ്യയുടെ അച്ഛൻ പത്മാക്ഷിയോട് സംശയം പ്രകടിപ്പിച്ചിരുന്നതായും അവർ ഓർത്തു. 

‘എന്‍റമ്മയുടെ ശരീരം വെട്ടിമുറിക്കുന്നതെന്തിന്..?’ അന്ന് സൗമ്യ നിലവിളിച്ച് ചോദിച്ചു: സഹോദരി