theatre-rape-case-kathuva

‘സ്വര്‍ണക്കുട്ടി’ പെണ്‍കുട്ടിയെ പീഡിപ്പിച്ച പീഡനക്കുട്ടിയായ വാര്‍ത്ത കേട്ട് അമ്പരക്കുകയാണ് കേരളം. മെയ്തീന്‍കുട്ടിയെ നാട്ടുകാര്‍ വിളിച്ചിരുന്നത് സ്വര്‍ണക്കുട്ടി എന്നായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന സ്വര്‍ണ വ്യവസായി. കഠ്‌വയില്‍ ബാലിക ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വ ന്‍പ്രതിഷേധം രേഖപ്പെടുത്തിയവരില്‍ ഒരാളായിരുന്നു മൊയ്തീന്‍കുട്ടി എന്നതാണ് പുറത്തുവരുന്ന വിചിത്രമായ കാര്യം. കഠ്‌വ പെണ്‍കുട്ടിയുടെ തന്നെ പ്രായമുള്ള പെണ്‍കുട്ടിയോടാണ് ഇയാള്‍ സമാനതകളില്ലാത്ത ക്രൂരത കാട്ടിയതും. പാതിരാത്രിയില്‍ സൂര്യനുദിക്കണമെന്നില്ല, എല്ലാം കാണുന്ന ഒരു സിസിടിവി ക്യാമറ മതി മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീഴാനെന്നാണ് ട്രോളന്‍മാരുടെ ആക്ഷേപം.

മൊയ്തീന്‍കുട്ടിയുടെ  ഉടമസ്ഥതയിലുള്ള പത്ത് വാടക ക്വാർട്ടേഴ്സുകളിൽ ഒന്നിലായിരുന്നു പീഡനത്തിനിരയായ കുഞ്ഞും അമ്മയും താമസിച്ചു വന്നിരുന്നത്. ഈ സ്ത്രീയുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കുഞ്ഞിനെയും പീഡിപ്പിക്കാൻ മൊയ്തീന് അമ്മ ഒത്താശ ചെയ്തുകൊടുത്തത്. ലൈംഗികപീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ശിശുപീഡന നിരോധന നിയമത്തിലെ 16, 17 വകുപ്പുകൾ പ്രകാരമാണ് കേസ്. 

edappal-mother

മൊയ്തീൻ കുട്ടി മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും ഒന്നിച്ചല്ല സിനിമ കാണാൻ പോയതെന്നുമാണ് ഈ സ്ത്രീ ആദ്യം മൊഴി നൽകിയത്. മൊയ്തീൻ കുട്ടിയെ വർഷങ്ങളായി പരിചയമുണ്ട്, എന്നാൽ സിനിമാ തീയേറ്ററിൽവച്ച് യാദൃശ്ചികമായാണ് അയാളെ കണ്ടത് എന്നായിരുന്നു ഇവർ ആദ്യം പൊലീസിന് നല്‍കിയ മൊഴി. എന്നാൽ പൊലീസിന്റെ നിരന്തരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ ഇവര്‍ക്കായില്ല. മുന്‍പും മൊയ്തീൻ കുട്ടി കുഞ്ഞിനെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

പ്രത്യക്ഷമായ രാഷ്ട്രീയപ്രവര്‍ത്തനമില്ലെങ്കിലും നാട്ടിലെ എല്ലാ പാര്‍ട്ടിക്കാരുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഉന്നതങ്ങളിലുള്ള ബന്ധമാണ് കേസ് ഇല്ലാതാക്കാനും അറസ്റ്റ് വൈകിച്ചതിലുമുള്ള കാരണം. ഇൗ വിശ്വസത്തിന്റെ പുറത്താണ് വിസ ഉണ്ടായിരുന്നിട്ടും മൊയ്തിന്‍കുട്ടി വിദേശത്തേക്ക് മുങ്ങാതിരുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഇതിനിടയില്‍ മൊയ്തീന്‍കുട്ടിയെ ന്യായീകരിച്ച് രംഗത്തെത്തിയ പ്രമുഖ ബ്ലോഗെഴുത്തുകാരന്‍ കെ.പി.സുകുമാരന് സമൂഹമാധ്യമങ്ങളില്‍ അതിരൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ‘മൊയ്തീന്‍കുട്ടി ലഭിച്ച അവസരം ആസ്വദിക്കുകയാണ് ചെയ്തത്. അങ്ങോട്ട് പോയി പീഡിപ്പിക്കുകയോ, പീഡിപ്പിക്കാൻ വിളിച്ചു വരുത്തുകയോ ചെയ്തിട്ടില്ല. സിസിടിവി ഇല്ലായിരുന്നെങ്കിൽ സമൂഹത്തിനു കല്ലെറിയാൻ ഒരു മൊയ്തീൻ കുട്ടിയെ ലഭിക്കില്ലായിരുന്നു.’ എന്നതരത്തിലാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഒടുവില്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് തടിതപ്പി.  

sukumaran-fb-post

 

കെ പി സുകുമാരന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം  

 

എത്ര പെട്ടെന്നാണ് തൃത്താലയിലെ മൊയ്തീൻ കുട്ടി ക്രൂരനും പീഡകനും ആയി മാറിയത്. അയാളുടെ ജീവിതം കട്ടപ്പൊകയായത് എത്ര പൊടുന്നനെയാണ്. വായിച്ചറിഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്തപ്പോൾ മൊയ്തീൻ കുട്ടിയുടെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുകയാണ് മകളുടെ മാതാവായ കഥാനായിക. മൊയ്തീൻ കുട്ടി സാമാന്യം പണക്കാരനാണ്. അയാൾക്ക് ലഭിച്ച അവസരം ആസ്വദിക്കുകയാണ് അയാൾ ചെയ്തത്. അങ്ങോട്ട് പോയി പീഡിപ്പിക്കുകയോ, പീഡിപ്പിക്കാൻ വിളിച്ചു വരുത്തുകയോ ചെയ്തതല്ല. സ്വമനസ്സാലെ മകളുമൊത്ത് മാതാവ് തിയേറ്ററിൽ വന്നതാണ്. ശേഷം അവർ തിയേറ്റർ വിട്ടുപോവുകയും ചെയ്തു. സംഭവം പീഡനമായി മാറുന്നത്, തിയേറ്റർ ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ്. തിയേറ്ററിൽ സിസിടിവി ഉള്ള കാര്യം മൊയ്തീൻ കുട്ടിയും ആ സ്ത്രീയും മനസ്സിലാക്കിയിരിക്കാൻ വഴിയില്ല. സിസിടിവി ഇല്ലായിരുന്നെങ്കിൽ സമൂഹത്തിനു കല്ലെറിയാൻ ഒരു മൊയ്തീൻ കുട്ടിയെ ലഭിക്കില്ലായിരുന്നു. കാരണം സിസിടിവിയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നില്ലെങ്കിൽ ആ സംഭവം ഒരു പീഡനമാവില്ലായിരുന്നു.

കേസ് വന്ന സ്ഥിതിയ്ക്ക് ഇനി മാതാവ് എന്ന സ്ത്രീ സ്വന്തം സുരക്ഷയെ മുൻ നിർത്തിയാണ് പോലീസിൽ മൊഴി കൊടുക്കുക. താൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആ സ്ത്രീയ്ക്ക് കേസിൽ നിന്ന് ഊരി വരാൻ കഴിയും. സമൂഹം ചിന്തിക്കുന്നത് ഏകപക്ഷീയവും സംഭവങ്ങളുടെ ഒരു വശം മാത്രവുമാണ്. അത്കൊണ്ടാണ് മൊയ്തീൻ കുട്ടി കുറ്റവാളിയും പീഡകനും ആയി മാറുന്നത്. ഏത് സംഭവത്തിന്റെയും മറുവശവും കൂടി ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വഭാവമാണ് എന്റേത്. പക്ഷെ മറുവശം പറയാൻ പാടില്ല എന്നൊരു നാട്ടുനടപ്പ് ഉണ്ട്. അത് കൊണ്ട് ആൾക്കൂട്ടം എന്ത് പറയുന്നുവോ അത് ഏറ്റുപറയുകയാണ് എല്ലാവരും ചെയ്യുന്നത്. ഇന്ന് പറയേണ്ടത് മൊയ്തീൻ കുട്ടി കാമപ്പിശാചും പീഡകനും ആണ് എന്നാണ്. മൊയ്തീൻ കുട്ടിയുടെ ഇച്ഛയ്ക്ക് വഴങ്ങിക്കൊടുത്ത ആ സ്ത്രീയോ? മാനുഷികമായ ദൗർബല്യങ്ങൾ ആണ് ഈ സംഭവത്തിൽ ഉടനീളം ഞാൻ കാണുന്നത്. സമാനമായ സംഭവങ്ങൾ ആർക്കും ഉപദ്രവം ഇല്ലാതെ പലയിടങ്ങളിലും നടക്കുന്നുണ്ടാകും. മനുഷ്യന്റെ ജൈവികചോദനകളും ദൗർബ്ബല്യങ്ങളും കണക്കിലെടുത്താൽ ഇത് പോലത്തെ സംഭവങ്ങൾ നടക്കുന്നില്ല എന്ന് പറയാൻ പറ്റില്ല.

ഇങ്ങനെ ഒരു പോസ്റ്റ് എഴുതുന്നതിന്റെ റിസ്ക്ക് എനിക്കറിയാം. വായിച്ചിട്ട് നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും പറ്റിയാൽ ഇതായിരിക്കുമോ പ്രതികരണം എന്ന് മാനസിക വളർച്ചയില്ലാത്ത പലരും കമന്റ് എഴുതിയെന്ന് വരും. എഴുതിയ കമന്റ് അപ്പപ്പോൾ ഡിലീറ്റ് ചെയ്യാം എന്നും പരിധി വിട്ടെഴുതിയാൽ ബ്ലോക്ക് ചെയ്യാം എന്നതുമാണ് എനിക്കുള്ള രക്ഷാകവചം. എനിക്ക് മൊയ്തീൻ കുട്ടിയുടെ വക്കാലത്ത് ഇല്ല. അയാളെ ന്യായീകരിക്കാനും എനിക്ക് ബാധ്യതയില്ല. പക്ഷെ ഈ ഒരു സംഭവം മാത്രമാണ് അയാളുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച അതും ആ സ്ത്രീയുടെ സമ്മതത്തോടെ എന്ന്, മനുഷ്യജീവിതത്തിന്റെ അവസ്ഥകളും വസ്തുതകളുടെ ഇരുവശവും പരിശോധിക്കുന്ന എനിക്ക് പറയാതിരിക്കാനാവില്ല.