ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ചികിൽസയുടെ കാര്യത്തിൽ കൈകോർത്തത്. കണ്ണൂർ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് മൃഗാശുപത്രിയിലെത്തിയാൽ മനുഷ്യർക്കും മരുന്നു വാങ്ങാം. നാലുമാസമായി ഈ സംവിധാനം തുടങ്ങിയിട്ട്. 

 

കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നവീകരണമാണ് ഡോക്ടർമാരെയും രോഗികളെയും മൃഗാശുപത്രിയിലാക്കിയത്. വർഷങ്ങളായി ചോർന്നൊലിച്ചിരുന്ന കെട്ടിടം പഞ്ചായത്ത് ഭരണസമിതി നവീകരിക്കാൻ തീരുമാനിച്ചു. കാസർകോട് സ്വദേശിയാണ് കരാറെടുത്തത്. പക്ഷേ നിശ്ചിതസമയം കഴിഞ്ഞിട്ടും ജോലി തുടങ്ങിയില്ല.

പിന്നെ നാട്ടുകാരൻ തന്നെയായ കരാറുകാരനെ പഞ്ചായത്ത് ജോലി ഏൽപിച്ചു. മേൽക്കൂര പൊളിച്ച് മാറ്റി പുതിയത് സ്ഥാപിച്ചു. ചുമരിനും ചായം പൂശി. അടുത്തുതന്നെ മൃഗാശുപത്രിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്.

 

സൗകര്യമുള്ള മറ്റ് കെട്ടിടങ്ങളില്ലാത്തതാണ് മൃഗാശുപത്രിയെ ആശ്രയിക്കാൻ കാരണമെന്ന് പഞ്ചായത്ത് പറയുന്നു. മൃഗാശുപത്രിയിൽനിന്ന് ഡോക്ടറെ കണ്ടശേഷം മരുന്ന് വാങ്ങാൻ പ്രാഥമിക ആര്യോഗ്യ കേന്ദ്രത്തിൽ തന്നെയെത്തണം.

ഇവിടെയുണ്ടായിരുന്ന മെഡിക്കൽ ഓഫിസ് സമീപത്തെ കൃഷി ഭവനിലേക്ക് മാറ്റുകയും ചെയ്തു. മഴ പെയ്തതോടെ ഡെങ്കിപ്പനിയും മഞ്ഞപിത്തവും ബധിച്ചെത്തുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്.