പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ഒറ്റപ്പെടുത്തുന്നതായി പരാതി. ബസ്സിലും ഒാട്ടോറിക്ഷകളിലും കയറ്റാതെ മാറ്റിനിര്‍ത്തുകയാണെന്ന ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിന്മേല്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി.

 

രോഗികളെ പരിചരിക്കുന്നതിനിടെ നിപ്പ വൈറസ് ബാധിച്ച്  മരിച്ച നഴ്സ് ലിനിയുടെ സഹപ്രവര്‍ത്തകര്‍ക്കാണ് ദുരനുഭവം. ലിനിയുടെ മരണത്തിന് ശേഷം ആശുപത്രി ജീവനക്കാരെ സമൂഹം ഒറ്റപ്പെടുത്തുകയാണ്. പലപ്പോഴും ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാറില്ല. ബസില്‍ കയറ്റിയാല്‍ തന്നെ സീറ്റിലിരുത്താതെ മാറ്റിനിര്‍ത്തുകയാണെന്നും ഡിഎംഒക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

 

നാട്ടില്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതത്തെ കുറിച്ച് ജീവനക്കാരില്‍ ഒരാള്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. പേരാമ്പ്രയിലെ സാബിതും കുടുംബവും ആദ്യം ചികിത്സ തേടിയത്  ഈ  താലൂക്ക് ആശുപത്രിയിലാണ്. ലിനിയ്ക്കല്ലാതെ ഇവിടുത്തെ മറ്റാര്‍ക്കും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പോലും ഉണ്ടായിട്ടില്ല. ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ഡിഎംഒ അറിയിച്ചു.