"ഇത് ഞങ്ങളുടെ നായനാരല്ല. ഞങ്ങളുടെ നായനാരുടെ മുഖം ഇങ്ങനെയല്ല" സമൂഹമാധ്യമങ്ങളിൽ നടന്ന ചർച്ചകൾക്ക് പരിഹാരമാകുന്നു.  പതിനൊന്നടി ഉയരത്തിൽ കണ്ണൂർ ഇ.കെ.നായനാർ അക്കാദമിയിൽ സ്ഥാപിച്ച വെങ്കല പ്രതിമ താഴെയിറക്കി. പീഠത്തിന്റെ ഉയരം ഏഴടിയായി കുറച്ചു. യുറോപ്യൻ രീതിയിൽ നിർമിച്ച പ്രതിമയുടെ കറുത്ത ചായം ഉരച്ചുനീക്കി വെങ്കല തിളക്കം പുറത്തുകൊണ്ടുവന്നു. കറുത്ത കണ്ണട മാറ്റി വെങ്കല കണ്ണടയാക്കി. മുഖം വ്യക്തമായി കാണാൻ സ്പോട്ട് ലൈറ്റും സ്ഥാപിക്കും.

ഒൻപതര അടി ഉയരമുള്ള പ്രതിമയ്ക്ക് എണ്ണൂറ് കിലോ തൂക്കമുണ്ട്. മലയാളിയും രാജസ്ഥാനിൽ താമസക്കാരനുമായ പ്രശസ്ത ശിൽപി തോമസ് ജോൺ കോവൂരാണ് പ്രതിമ നിർമിച്ചത്. ജൂബയും ജാക്കറ്റും മുണ്ടും ധരിച്ച് കയ്യിൽ ബാഗുമായി നിൽക്കുന്ന ജനകീയ ചിത്രമാണ് പ്രതിമയ്ക്ക് ആധാരമാക്കിയത്.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും കെ.കെ.രാഗേഷ് എംപിക്കുമായിരുന്നു പ്രതിമയുടെ നിർമാണച്ചുമതല. ജില്ലാ കമ്മിറ്റിയിലടക്കം ചർച്ചയായ നായനാർ പ്രതിമയുടെ അപാകതകൾ പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിർദ്ദേശിച്ചു. തുടർന്നാണ് ശിൽപി തോമസ് ജോൺ മിനുക്കുപണികൾ ആരംഭിച്ചത്. 

പീഠത്തിന്റെ ഉയരം കൂടിയതും ജനകീയനായ നായനാരുടെ വിവിധ മുഖഭാവങ്ങൾ പൊതുജനത്തിന്റെ മനസിലുണ്ടായിരുന്നതുമാണ് വിവാദത്തിന് കാരണമെന്ന് ശിൽപി പറയുന്നു. യൂറോപ്യൻ നിലവാരത്തിൽ കറുത്ത നിറം പ്രതിമയ്ക്ക് നൽകിയതും സാധാരണ ജനങ്ങൾക്ക് അംഗീകരിക്കാനായില്ല.