വോട്ടു കണക്കുകള്‍ കൂട്ടിക്കിഴിച്ചിട്ടും വിജയം അവകാശപ്പെട്ട് ചെങ്ങന്നൂരില്‍ മുഖ്യമുന്നണികള്‍. ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് അന്തിമ കണക്കെടുപ്പിനൊടുവില്‍ യുഡിഎഫും എല്‍ഡിഎഫും പ്രതീക്ഷിക്കുന്നത്. വിജയം അല്ലെങ്കില്‍ സിപിഎമ്മിനു പിന്നില്‍ രണ്ടാം സ്ഥാനം എന്നതാണ് ബിജെപിയുടെ അവകാശവാദം.
ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരത്തി മുപ്പത്തിയഞ്ച് വോട്ടാണ് ചെങ്ങന്നൂരില്‍ ആകെ പോള്‍ ചെയ്യപ്പെട്ടത്. പുറത്തു കാണും വിധം ശക്തമായ ത്രികോണ മല്‍സരം വോട്ടിങ്ങിലും പ്രതിഫലിച്ചാല്‍ 2016ലേതിനു സമാനമായ ഫലമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. യുഡിഎഫിനെക്കാള്‍ ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലുളള വിജയം.
2016ലേതിനെക്കാള്‍ മികച്ച സംഘടനാ പ്രവര്‍ത്തനം,സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം,പിന്നെ ഭരണ വിരുദ്ധ വികാരവും ചേരുമ്പോള്‍ ഏഴായിരത്തില്‍ കുറയാത്ത ഭൂരിപക്ഷമാണ് യുഡിഎഫിന്റെയും സ്വപ്നം. ഇടതുസ്ഥാനാര്‍ഥിക്കനുകൂലമായി മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.
നാല്‍പ്പത്തിഅയ്യായിരത്തിനും അമ്പത്തിരണ്ടായിരത്തിനുമിടയില്‍ വോട്ടുകിട്ടുമെന്നാണ് ബിജെപി കണക്ക്. ചിലപ്പോള്‍ ജയിച്ചേക്കാം. അല്ലാത്ത പക്ഷം എല്‍ഡിഎഫിനു പിന്നില്‍ രണ്ടാം സ്ഥാനമെങ്കിലും ഉറപ്പെന്നും ബിജെപി കണക്കു പുസ്തകം പറയുന്നു.
വോട്ടെടുപ്പ് ദിവസം കെവിന് വധത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ആനുകൂല്യം യുഡിഎഫിന് അനുകൂലമായി തിരിയുമെന്ന ആശങ്ക എല്‍ഡിഎഫിനും ബിജെപിക്കും ഉണ്ടു താനും.